ട്രംപിന്റെ പൊങ്ങച്ചം കേട്ട് ചിരിയടക്കാനാകാതെ ലോക നേതാക്കള്‍: അന്താരാഷ്ട്ര വേദിയില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് പരിഹാസച്ചിരിക്ക് ഇരയാകുന്നത് ഇതാദ്യം: വീഡിയോ

single-img
26 September 2018

ചൊവ്വാഴ്ച യുണൈറ്റഡ് നേഷന്‍സിന്റെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോക നേതാക്കളുടെ പരിഹാസച്ചിരിക്ക് ഇരയായത്. യുഎന്നില്‍ തന്റെ രണ്ടാമത്തെ പ്രസംഗമാണിത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് പ്രസംഗം ആരംഭിച്ചത്. പിന്നീട് താന്‍ അധികാരമേറ്റെടുത്ത ശേഷമുണ്ടായ നേട്ടങ്ങളിലേക്ക് പ്രസംഗം നീങ്ങി.

‘ഒരു വര്‍ഷം മുന്‍പ് ഞാന്‍ ഈ വേദിയില്‍ ഇതുപോലെ നിങ്ങള്‍ക്കു മുന്നില്‍ നിന്നിരുന്നു. ലോകം അഭിമുഖീകരിക്കുന്ന ഭീഷണികളെക്കുറിച്ച് അന്ന് ഞാന്‍ പറയുകയും മാനവസമൂഹത്തിന്റെ ശോഭനമായ ഭാവിക്കു വേണ്ടിയുള്ള ചില ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇന്നെനിക്ക് പറയാനുള്ളത് ഞങ്ങള്‍ (അമേരിക്ക) നേടിയിട്ടുള്ള അസാധാരണമായ പുരോഗതിയെക്കുറിച്ചാണ്’ ട്രംപ് പറഞ്ഞു. ‘രണ്ടു വര്‍ഷത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എന്റെ സര്‍ക്കാരിന് അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ സാധിക്കാത്ത വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്’ അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ ഈ പ്രസ്താവനയോടെയാണ് സദസ്സില്‍ ചിരിപടര്‍ന്നത്. ചിലര്‍ ചിരിയമര്‍ത്തുകയും മറ്റു ചിലര്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. ഇത് ട്രംപിന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തി. ‘ഇങ്ങനെയൊരു പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചില്ല. എന്നാലും സാരമില്ല’ തന്റെ പ്രസ്താവനയാണ് ചിരിക്കിടയാക്കിയതെന്ന് തിരിച്ചറിഞ്ഞ ട്രംപ് ജാള്യത മറയ്ക്കാതെ പറഞ്ഞു.

ഒരു അന്താരാഷ്ട്ര വേദിയില്‍ തന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലനായി ഒരു അമേരിക്കന്‍ പ്രസിഡന്റ് പരിഹാസച്ചിരിക്ക് ഇരയാകുന്നത് ആദ്യമായിരിക്കുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.