‘സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി’; സുപ്രീം കോടതി നടപടികള്‍ ഇനിമുതല്‍ തത്സമയം കാണാം

single-img
26 September 2018

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലെ നടപടിക്രമങ്ങള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് തത്സമയം കാണാം. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സുപ്രീം കോടതിയിലെ നടപടികള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതോടു കൂടി കൂടുതല്‍ സുതാര്യത കൈവരുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

സുപ്രീം കോടതി രജിസ്ട്രാര്‍ക്കാണ് ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി. തത്സമയ സംപ്രേഷണം ജുഡീഷ്യറിയിലെ സുതാര്യത പ്രോത്സാഹിപ്പിക്കും. ഇതിനായി ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്’ വിഷയം പരിഗണിക്കവേ കോടതി പറഞ്ഞു.

കോടതിമുറിക്കുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ പൊതുജനത്തിന് അവകാശമുണ്ടെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. തത്സമയ സംപ്രേഷണം പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്ന് കോടതി നിരീക്ഷിച്ചു. തത്സമയ സംപ്രേഷണം വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു സഹായകമാകുമെന്നും കോടതി പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്, നിയമവിദ്യാര്‍ഥിയായ സ്‌നേഹില്‍ ത്രിപാഠി, സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് സിസ്റ്റമാറ്റിക് ചേഞ്ച് തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഹര്‍ജികളില്‍ ജൂലായ് ഒമ്പതിനു നടന്ന വാദത്തില്‍, ബലാല്‍സംഗം, വിവാഹിതര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒഴികെയുള്ളവയുടെ തത്സമയ സംപ്രേഷണത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു കോടതിയും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സ്വീകരിച്ചിരുന്നത്.