Featured

‘ഒഴിവാക്കാനാകുന്ന മരണങ്ങള്‍..!: രാത്രി യാത്ര ഒഴിവാക്കണമെന്ന് പറയുന്നതിന് കാരണങ്ങള്‍ പലതാണ്…

റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ് കേരളത്തില്‍. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് അപകട ശേഷം പരിതപിച്ചിട്ട് കാര്യമില്ല. നമ്മുടെയും ഒപ്പമള്ളവരുടെയും സുരക്ഷയ്ക്കായി സ്വയം നമ്മള്‍ തന്നെ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുകയാണ് മലയാളിയും യു.എന്നിലെ ദുരന്തനിവാരണ വിഭാഗം തലവനുമായ മുരളി തുമ്മാരുകുടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

‘ഒഴിവാക്കാനാകുന്ന മരണങ്ങള്‍..!

‘വിമാനത്താവളത്തില്‍ യാത്ര അയക്കാന്‍ കൂട്ടുകാരും വീട്ടുകാരും ഒക്കെ കൂട്ടമായി പോകുന്നതിനെതിരെ മുരളി ഒരു പോസ്റ്റിട്ടിരുന്നില്ലേ, അതൊന്നു കൂടി ഇടാമോ ?’ എന്റെ സുഹൃത്ത്, ദുബായില്‍ നിന്ന് എന്നെ വിളിച്ചത് ഇത് പറയാനാണ്. ‘ഞാന്‍ ഒരു തവണ അല്ല, എത്രയോ തവണ ഇട്ടു, എന്ത് കാര്യം?! വീണ്ടും വീണ്ടും ആളുകള്‍ മരിക്കുന്നു. എനിക്ക് മടുത്തു’ ഞാന്‍ പറഞ്ഞു.

‘മുരളി, പ്ലീസ്.. മടിക്കരുത്. കഴിഞ്ഞാഴ്ച എനിക്കൊരു അനുഭവം ഉണ്ടായി. എന്റെ അടുത്ത സുഹൃത്ത് നാട്ടില്‍ നിന്നും വരികയാണ്. അവന്‍ വിമാനം കയറി അധികം വൈകാതെ എനിക്കൊരു കോള്‍ വന്നു. കൂട്ടുകാരനെ യാത്രയയക്കാന്‍ പോയ അവന്റെ കുട്ടികളും ഡ്രൈവറും അപകടത്തില്‍ പെട്ടു, മകന്‍ മരിച്ചു, മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്.

അവന്‍ വരുമ്പോള്‍ അവനെ എയര്‍പോര്‍ട്ടില്‍ പോയി കണ്ട് വിവരം അറിയിച്ചു സമാധാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പറഞ്ഞു വിടണം, ഇതാണ് എനിക്ക് കിട്ടിയ ഉത്തരവാദിത്തം. ‘എന്റെ ജീവിതത്തില്‍ ഇത്രയും വിഷമിച്ച സമയം ഉണ്ടായിട്ടില്ല. സ്വന്തം മകന്‍ മരിച്ച വിവരം ഒരച്ഛനെ അറിയിക്കേണ്ടി വരിക എന്നതില്‍ പരം ബുദ്ധിമുട്ടുള്ള കാര്യം വേറെന്താണ്? ‘ അതാണ് ഞാന്‍ മുരളിയോട് വീണ്ടും പറഞ്ഞത് എഴുതണം, എഴുതിക്കൊണ്ടേ ഇരിക്കണം. മുരളിയുടെ പോസ്റ്റുകള്‍ വാസ്തവത്തില്‍ ജീവനുകള്‍ രക്ഷിക്കുന്നുണ്ട്. പക്ഷെ ‘സംഭവിക്കാത്ത അപകടം’ ആകുമ്പോള്‍ ആരും ഓര്‍ക്കുന്നില്ല എന്ന് മാത്രം. ഒരു അപകടം വരുമ്പോള്‍ ആണ് ‘ഇത് മുരളി എപ്പോഴും പറയാറുള്ളതാണല്ലോ’ എന്ന് ഓര്‍ക്കുന്നത്.’

സംഗതി സത്യമാണ്. കേള്‍ക്കുമ്പോള്‍ നിസ്സാരമായ നിര്‍ദ്ദേശമാണ്. വിമാനത്താവളത്തിലേക്ക് ഒരാളെ സ്വീകരിക്കാനോ യാത്രയയക്കാനോ ഒന്നില്‍ കൂടുതല്‍ ആളുകള്‍ പോകരുത്. പറ്റിയാല്‍ വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സിയെടുത്ത് വരുന്നതാണ് ഏറ്റവും സേഫ്. ഇല്ലെങ്കില്‍ നാട്ടില്‍ നിന്നും എയര്‍പോര്‍ട്ടില്‍ പോയി പരിചയമുള്ള വിശ്വസിക്കാവുന്ന ഒരു ടാക്‌സിക്കാരനെ പറഞ്ഞു വിടുക. ഇത് രണ്ടും പറ്റിയില്ലെങ്കില്‍ മാത്രം സ്വയം പോയാല്‍ മതി, അപ്പോഴും ഒന്നില്‍ കൂടുതല്‍ ആളുകള്‍ പോകരുത്. അപകടം ഉണ്ടാകാനുള്ള സാധ്യത ആളുകളുടെ എണ്ണം അനുസരിച്ചു കൂടുന്നില്ല, പക്ഷെ അപകട മരണങ്ങളുടെ എണ്ണം തീര്‍ച്ചയായും കുറക്കാന്‍ പറ്റും.

ഇന്നിപ്പോള്‍ ബാലഭാസ്‌കറിന്റെ കുഞ്ഞിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ അനവധി പേര്‍ എന്നെ ടാഗ് ചെയ്തിട്ടുണ്ട്. സങ്കടമാണ്. എയര്‍പോര്‍ട്ട് യാത്ര പോലെ തന്നെ ഞാന്‍ പല വട്ടം എഴുതിയിട്ടുള്ള ഒന്നാണ് രാത്രി യാത്രയും. രാത്രി പത്തിന് ശേഷവും രാവിലെ ആറിന് മുന്‍പും റോഡിലൂടെയുള്ള ദൂരയാത്രകള്‍ ഒഴിവാക്കണം. ഇതിന് പല കാരണങ്ങളും ഉണ്ട്. ഓരോ രാത്രി യാത്രയും ഒഴിവാക്കുമ്പോള്‍ നിങ്ങള്‍ അപകട സാധ്യത കുറയ്ക്കുകയാണ്.

പകലും രാത്രിയും കേരളത്തിലെ റോഡുകള്‍ കൊലക്കളങ്ങള്‍ ആണ്.

‘എങ്ങനെയാണ് കേരളത്തിലെ റോഡുകളെ അതിജീവിക്കുന്നത്?’ എന്നൊരു ലേഖനം എഴുതിയാണ് ഞാന്‍ മാതൃഭൂമി ഓണ്‍ലൈനില്‍ എഴുത്തു തുടങ്ങിയത് (How to survive the roads in Kerala). പത്തു വര്‍ഷം മുന്‍പ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ഒരു വര്‍ഷം നാലായിരത്തിന് മുകളില്‍ ആളുകളാണ് കേരളത്തിലെ റോഡുകളില്‍ ചത്തൊടുങ്ങുന്നത്. ഒരു വര്‍ഷം മുന്നൂറു മലയാളികളാണ് കേരളത്തില്‍ കൊല ചെയ്യപ്പെടുന്നത് എന്നോര്‍ക്കണം.

എന്നിട്ടും നമ്മുടെ പോലീസ് സംവിധാനത്തിന്റെ ഒരു ചെറിയ അംശമേ റോഡ് സുരക്ഷക്കായി നിയോഗിക്കപ്പെടുന്നുള്ളൂ. മനുഷ്യന്റെ ജീവന് അല്പം കൂടി വില കൊടുക്കുന്ന ഒരു സമൂഹം ആയിരുന്നു നമ്മുടേതെങ്കില്‍ യു കെ യിലെ ‘ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവ്’ പോലെ പോലീസിനേക്കാള്‍ ശക്തമായ കൂടുതല്‍ അധികാരങ്ങളുള്ള ഒരു സ്ഥാപനം സുരക്ഷക്കായി നമുക്ക് ഉണ്ടാകുമായിരുന്നു. എങ്കില്‍ ഒരു വര്‍ഷം പതിനായിരത്തോളം മലയാളികള്‍ തീര്‍ത്തും ഒഴിവാക്കാവുന്ന അപകടങ്ങളില്‍ മരിക്കില്ലായിരുന്നു.

തല്‍ക്കാലം ഇതൊക്കെ ‘എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം’ എന്ന് ചിന്തിക്കാനേ പറ്റൂ. അങ്ങനെ ഔദ്യോഗിക സംവിധാനങ്ങള്‍ ഒക്കെ ഉണ്ടായി നമ്മുടെ റോഡും, ജലാശയങ്ങളും, വൈദ്യുതി വകുപ്പും, നിര്‍മ്മാണ രീതികളും എല്ലാം സുരക്ഷിതമാകുന്നത് വരെ നിങ്ങള്‍ തന്നെ നിങ്ങളുടെയും കുടുംബത്തിന്റെയും ജീവന്‍ കാത്തു രക്ഷിക്കുക എന്നതേ നിര്‍വാഹമുള്ളൂ.

എന്റെ വായനക്കാര്‍ രണ്ടു കാര്യങ്ങള്‍ ഇന്ന് തന്നെ ചെയ്തു തുടങ്ങണം.

1. വിമാനത്താവളത്തിലേയ്ക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കണം, നിരുത്സാഹപ്പെടുത്തണം.

2. രാത്രിയിലെ ദൂര യാത്രകള്‍ ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കണം, നിരുത്സാഹപ്പെടുത്തണം.

ഇതിലൂടെ നിങ്ങള്‍ നിങ്ങളുടെയും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെയും ജീവന്‍ രക്ഷിക്കും, ഉറപ്പാണ്. അതിന് നിങ്ങള്‍ക്കോ എനിക്കോ ഒരു ക്രെഡിറ്റും കിട്ടി എന്ന് വരില്ല. റോഡപകടം ആയാലും പ്രളയം ആയാലും വന്നു കഴിയുമ്പോള്‍ ‘മുരളിച്ചേട്ടന്‍ എപ്പോഴും പറയാറുണ്ട്’ എന്ന് കേള്‍ക്കുന്നതില്‍ എനിക്ക് ഒരു സന്തോഷവും ഇല്ല. ദുരന്ത ലഘൂകരണ വിദഗ്ദ്ധന്‍ എന്ന അര്‍ത്ഥത്തില്‍ എന്റെ പരാജയം ആണത്. ദുരന്തങ്ങളും അപകടങ്ങളും ഇല്ലാത്ത, ആരും എന്നെ ഓര്‍ക്കാത്ത ഒരു ലോകമാണ് എനിക്കിഷ്ടം.

ബാലഭാസ്‌കറും ഭാര്യയും അപകടത്തെ അതിജീവിക്കട്ടെ, കലാജീവിതം തുടരട്ടെ. അവരുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തിയുള്ള കമന്റുകള്‍ ദയവായി ഒഴിവാക്കണം. ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും വേണം. ആളുകള്‍ക്ക് ബോറടിക്കും, എന്നാലും ഒരാളുടയെങ്കിലും ചിന്ത മാറിയാല്‍ അത്രയും ആയില്ലേ’.