ധോണി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍: ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു

single-img
25 September 2018

എം.എസ്.ധോണി ഒരിക്കല്‍ കൂടി ഇന്ത്യയുടെ നാകനാകുന്നു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ടീം ഇന്ത്യയെ ധോണിയാണ് നയിക്കുന്നത്. ഏകദിനത്തില്‍ ധോണി ക്യാപ്റ്റനാകുന്ന 200ാം മത്സരമാണിത് എന്ന പ്രത്യേകതയുമുണ്ട്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ കളത്തിലിറങ്ങുന്നത്. രോഹിതിന് പുറമേ ശിഖര്‍ ധവാന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹല്‍ എന്നിവര്‍ക്കാണ് ഇന്ത്യ വിശ്രമം അനുവദിച്ചത്.

ഇന്ത്യക്ക് വേണ്ടി ദീപക് ചഹര്‍ ഇന്ന് അരങ്ങേറ്റ മത്സരത്തിനിറങ്ങും. കെ.എല്‍.രാഹുല്‍, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹമ്മദ്, മനീഷ് പാണ്ഡെ എന്നിവരും അന്തിമ ഇലവനില്‍ സ്ഥാനം നേടി. സൂപ്പര്‍ ഫോര്‍ റൗണ്ടിലെ ആദ്യ രണ്ടു മല്‍സരങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യ ഫൈനല്‍ ഉറപ്പാക്കിയത്.

ആദ്യ മല്‍സരത്തില്‍ ബംഗ്ലദേശിനെയും രണ്ടാം മല്‍സരത്തില്‍ പാക്കിസ്ഥാനെയുമാണ് ഇന്ത്യ തകര്‍ത്തത്. ഇവര്‍ തമ്മില്‍ ഇന്നു നടക്കുന്ന മല്‍സരത്തിലെ വിജയികളാണ് വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. അതേസമയം, ആദ്യ രണ്ടു മല്‍സരങ്ങളില്‍ പാക്കിസ്ഥാനോടും ബംഗ്ലദേശിനോടു ഇഞ്ചോടിഞ്ചു പൊരുതി തോറ്റാണ് അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റിനു പുറത്തായത്.