പ്രകൃതിയുടെ സംസ്‌കാരമറിയണമെങ്കില്‍ ഈ നാട്ടില്‍ പോകണം

single-img
23 September 2018

പ്രകൃതിയുടെയും സംസ്‌കാര വൈവിധ്യത്തിന്റെയും കേന്ദ്ര സ്ഥാനമാണ് തായ്‌വാന്‍. വ്യത്യസ്തമായ അനേകം മതങ്ങള്‍ക്ക് ഒരേപോലെ സ്വാതന്ത്ര്യമുള്ള പ്രദേശം. ഫിലിപ്പിന്‍സിനും ജപ്പാനും ചൈനയ്ക്കുമിടയിലായി സൗത്ത് ചൈനാ ഈസ്റ്റ് ചൈനാ കടലിലാണ് തായ്‌വാന്റെ സ്ഥാനം.

തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയില്‍ നിന്നും 180 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ തായ്‌വാനിലെ തന്നെ ഏറ്റവും സുന്ദരമായ സ്ഥലമായ തായ്ച്ചുങിലേക്ക് എത്തിച്ചേരാം. വര്‍ഷം 75 ലക്ഷം സഞ്ചാരികളാണ് തായ്ച്ചുങ് കാണാനെത്തുന്നത്. തായ്‌വാന്റെ സംസ്‌കാരിക തലസ്ഥാനം കൂടിയാണ് തായ്ച്ചുങ്.

തായ്‌വാന്‍ ഫൈന്‍ ആര്‍ട്ട്‌സ് മ്യൂസിയം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണ്. ഷോക്കേസ് പെയ്ന്റിങ്ങുകള്‍, അപൂര്‍വ്വ ശില്‍പ്പങ്ങള്‍, തായ്വാനീസ് കലാസൃഷ്ടികളുടെ അത്ഭുതങ്ങള്‍ എന്നിവ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്.

ഒക്ടോബര്‍ മാസത്തിലെ ജാസ് ഫെസ്റ്റിവല്‍, റെയ്‌ബോ വില്ലേജ് എന്നിവ തായ്ച്ചുങിന്റെ അത്ഭുത കാഴ്ച്ചകളാണ്. 23 ഡിഗ്രി സെല്‍ഷ്യസാണ് തായ്ച്ചുങ്ങിലെ ശരാശരി താപനില. തായ്ച്ചുങിന്റെ മലനിരകളില്‍ നിന്നിറങ്ങി വരുന്ന തണുത്തകാറ്റ് ഈ പ്രദേശത്തെ തണുപ്പ് പുതപ്പിക്കുന്നു.

തായ്ച്ചുങ് നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഗോമി ചതുപ്പ് പ്രദേശത്ത് എത്താം. ഇതിനടുത്തായാണ് ടാജിയ നദി. നദിക്ക് സമീപത്തുകൂടി ജലജീവികളെയും പക്ഷി വൈവിധ്യത്തെയും കണ്ടുനടക്കുക അവിസ്മരണീയമായ കാഴ്ച്ചകളിലൊന്നാണ്. ഫോട്ടോഗ്രാഫേഴ്‌സിന്റെ പറുദീസയാണ് ടാജിയ നദിതീരങ്ങള്‍.

തായ്ച്ചുങിന്റെ ഓപ്പണ്‍ എയര്‍മാര്‍ക്കറ്റിലൂടെയുളള രാത്രിനടത്തം ലോകത്തെ ഒരു സഞ്ചാരിക്കും മറക്കാത്തൊരു അനുഭവമാണ്. ന്യൂഡില്‍സ് കോര്‍ണറുകള്‍, താറാവിന്റെ ആകൃതിയിലുളള കോട്ടണ്‍ കാന്‍ഡിയുടെ മധുരവും, ഏത് ഫൈവ് സ്റ്റാര്‍ ഹോട്ടലിനെയും തോല്‍പ്പിക്കുന്ന തെരുവോര ഭക്ഷണശാലകളും ഏതൊരു സഞ്ചാരിയേയും തായ്ച്ചുങില്‍ പിടിച്ചു നിറുത്താന്‍ പോന്നതാണ്.