മോദി സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിഞ്ഞു: റഫാൽ വിമാന ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രാന്‍സ്

single-img
21 September 2018

റഫാൽ വിമാന വിവാദത്തിൽ കേന്ദ്ര സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്‍ിന്‍റെ നിര്‍ണായക വെളിപ്പെടുത്തൽ. അനിൽ അംബാനിയുടെ റിലയൻസ് കമ്പിനിയെ പങ്കാളിയാക്കിയത് ഇന്ത്യയുടെ നിര്‍ദേശ പ്രകാരമെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ ഒലാങ്ങ് വെളിപ്പെടുത്തി.

പങ്കാളിയെ ഫ്രാന്‍സിന് തിരഞ്ഞെടുക്കാൻ കഴിയില്ലായിരുന്നുവെന്നും ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. ദസോള്‍ട് കമ്പനിക്ക് അനില്‍ അംബാനിയെ തെരഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ്വ ഒലാങ്ങ് പറഞ്ഞു.

റഫാൽ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി ഡസോള്‍ട്ട് ഏവിയേഷനാണ് ഇന്ത്യയിലെ പങ്കാളിയെ തീരുമാനിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരല്ലെന്നുമായിരുന്നു നേരത്തെ പ്രതിരോധമന്ത്രിയും മന്ത്രാലയും വാദിച്ചിരുന്നത്. അതേസമയം, മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാങയുടെ കാമുകിക്ക് സിനിമ നിര്‍മ്മിക്കാന്‍ റിലയന്‍സ് സാമ്പത്തിക സഹായം നല്‍കിയെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.

2016 ജനുവരിയിലാണ് ഇന്ത്യയിലെത്തിയ ഒലാങയും മോദിയും 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒലാങയുടെ കാമുകി റിലയന്‍സുമായി ധാരണയിലെത്തിയത്. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒലാങയുടെ സന്ദര്‍ശന സമയത്ത് റഫാല്‍ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചില്ല. തുടര്‍ന്ന് ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ 2016 സെപ്തംബറിലാണ് ദില്ലിയില്‍ വച്ച് രണ്ട് രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ കരാറില്‍ ഒപ്പുവച്ചത്.