ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച; അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം.

single-img
21 September 2018

തേഞ്ഞിപ്പലം: ദേശീയ പാതയില്‍ മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ്‌ പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞത്. തൃശൂര്‍ ദേശീയ പാതയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപമാണ് ടാങ്കര്‍ ലോറി മറിഞ്ഞ്.

സമീപത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍ച്ചിച്ചു. സമീപ പ്രദേശത്തെ വീടുകളില്‍ എല്‍പിജി അടുപ്പുകള്‍ കത്തിക്കരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

അപകടം നടന്നയുടന്‍ തന്നെ മൈക്കിലൂടെ ആളുകളോട് സ്ഥലത്ത് നിന്ന് മാറാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വാതകം ചോരുന്നതിനാല്‍ ദേശീയപാതയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കാക്കഞ്ചേരി, ചേലേമ്പ്ര എന്നിവടങ്ങളില്‍ വാഹനം തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്.അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്.

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ഐഒസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

വാതക ചോരുന്നതിന്റെ ശക്തി കുറയ്ക്കാനായി ആറിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ ടാങ്കറിലേക്കു വെളളം പമ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പമാണ് ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.