Kerala

ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ മൂന്നാം ദിവസവും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി;ബിഷപ്പിന് കുരുക്കായി ഈ മൂന്ന് മൊഴികൾ;അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം മൂന്നാം ഘട്ടം ചോദ്യം ചെയ്യുന്നു. ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരായ ബിഷപ്പിനെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. കന്യാസ്ത്രീ പൊലീസിനു നല്‍കിയ മൊഴി, ചങ്ങനാശേരി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ്, ബിഷപ്പിന്റെ മുന്‍ ഡ്രൈവറുടെ മൊഴി, കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍, ഇവിടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ ഫലം തുടങ്ങിയ തെളിവുകള്‍ ഉപയോഗിച്ചാണ് ചോദ്യം ചെയ്യല്‍.

ഇന്നലെ ബിഷപ് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം രാത്രി തന്നെ അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ഇതു കൂടി കൂട്ടിച്ചേര്‍ത്താവും ഇന്നത്തെ ചോദ്യം ചെയ്യല്‍.

ആദ്യം ബലാത്സംഗം ചെയ്തെന്ന് പറയുന്ന ദിവസം കുറവിലങ്ങാട്ട് പോയിട്ടില്ലെന്നാണ് ഫ്രാങ്കോ ആദ്യം മൊഴി നൽകിയത്. സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് വന്നെന്നും താമസിച്ചതിനും രേഖയുണ്ടായിരുന്നു

കുറവിലങ്ങാട്ടല്ല തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാൽ, കാർഡ്രൈവറുടെ മൊഴി ഫ്രാങ്കോയ്ക്ക് എതിരാണെന്ന് പോലീസ്. നിജസ്ഥിതി അറിയാൻ മുതലക്കോടത്തെ മഠത്തിലും പരിശോധന നടത്തിയകാര്യം പോലീസ് പറഞ്ഞു. അവിടത്തെ സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് താമസിച്ചതിന് രേഖകളില്ല. ഇതെല്ലാം കാണിച്ചതോടെ ഫ്രാങ്കോ കൂടുതൽ പ്രതിരോധത്തിലായി.

അടുത്തദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഇരുവരും ഒപ്പം നിൽക്കുന്ന ദൃശ്യങ്ങൾ കാണിച്ച്, താനും അവരുമായി ഒരു പ്രശ്നവുമുണ്ടായില്ലെന്ന് ബിഷപ്പിന്റെ വാദം. എന്നാൽ, കന്യാസ്ത്രീയുടെ ചിത്രങ്ങളിലെല്ലാം അവരുടെ സങ്കടം പ്രതിഫലിച്ചിട്ടുണ്ടെന്നായി പോലീസ്. മാത്രമല്ല, ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾ, കന്യാസ്ത്രീ പതിവിന്‌ വിരുദ്ധമായി മൗനിയായിരുന്നെന്നും കരഞ്ഞെന്നും മൊഴിനൽകിയതും പോലീസ് ചൂണ്ടിക്കാട്ടി.

കന്യാസ്ത്രീയുടെ ബന്ധുവിന്റെ കുഞ്ഞിന്റെ മാമോദീസ മേയ് ആറിന് നിശ്ചയിച്ചിരുന്നു. ഈ ചടങ്ങില്‍ ബിഷപ്പിനെ ക്ഷണിക്കണമെന്ന് ബന്ധുക്കള്‍ കന്യാസ്ത്രീയോട് ആവശ്യപ്പെട്ടു. സാധാരണഗതിയില്‍ ഇത്തരം ചടങ്ങുകള്‍ക്ക് ബിഷപ്പുമാര്‍ വരാറില്ല. അതുകൊണ്ട് വളരെ മടിച്ചാണ്, ഇതില്‍ പങ്കെടുക്കാമോയെന്ന് കന്യാസ്ത്രീ ചോദിച്ചത്. ഫ്രാങ്കോ അനുകൂലമായി പ്രതികരിച്ചിരുന്നു

മേയ് അഞ്ചിന് തൃശ്ശൂരില്‍ വൈദികപട്ടം നല്‍കുന്ന ചടങ്ങില്‍ ബിഷപ്പ് കാര്‍മികനായിരുന്നു. അതുകഴിഞ്ഞ് താന്‍ കുറവിലങ്ങാടിനടുത്തുള്ള മഠത്തില്‍ വരുമെന്നും അടുത്തദിവസം മാമോദീസാച്ചടങ്ങില്‍ പങ്കെടുക്കാമെന്നുമാണ് ഫ്രാങ്കോ അറിയിച്ചത്. ബിഷപ്പ് വന്നദിവസം കന്യാസ്ത്രീയും കുറവിലങ്ങാടിന് അടുത്തുള്ള മഠത്തില്‍ ഉണ്ടായിരുന്നു. രാത്രിയില്‍ അവിടെ താമസിക്കാനും രാവിലെ എല്ലാവരും ഒരുമിച്ച്‌ മാമോദീസയ്ക്ക് പോകാനും നിശ്ചയിച്ചു.

സന്തോഷത്തോടെയാണ് കന്യാസ്ത്രീ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയതെന്ന് ആ ദിവസം അവിടെയുണ്ടായിരുന്ന മറ്റ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയത് പോലീസ് ചൂണ്ടിക്കാട്ടി. ഇവിടെ അതിഥിമുറിയില്‍ താമസിച്ച ഫ്രാങ്കോ ഓരോ കാരണങ്ങള്‍ പറഞ്ഞ് കന്യാസ്ത്രീയെ അവിടേക്ക് വിളിപ്പിച്ചു. ഇതിനിടെയാണ് ലൈംഗികമായി ചൂഷണം ചെയ്തത്. ആകെ തകര്‍ന്ന കന്യാസ്ത്രീ ബഹളംവെച്ചു. താന്‍ ഈ സ്ഥാപനത്തിന്റെ അധികാരിയാണെന്നും എതിര്‍ത്താല്‍ എന്തുചെയ്യാനും മടിക്കില്ലെന്നും ബിഷപ്പ് പറഞ്ഞെന്നാണ് കന്യാസ്ത്രീയുടെ മൊഴി.

അതേസമയം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെ വീണ്ടും വിമര്‍ശിച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. സമരം നടത്തുന്നതിലൂടെ സഭകളെ അവഹേളിക്കാനുള്ള ശ്രമമാണ് കന്യാസത്രീകള്‍ നടത്തുന്നതെന്നും ഇതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്നും കോടിയേരി ആരോപിച്ചു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയിരിക്കുന്നത്.