ഓണം ബംപര്‍ ജേതാവിനെ കണ്ടെത്തി; പത്തുകോടിയുടെ ആ ഭാഗ്യവതി തൃശൂര്‍ സ്വദേശി വല്‍സല

single-img
20 September 2018

കേരള ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം 10 കോടി രൂപ അടാട്ട് വിളപ്പുംകാല്‍ സ്വദേശി പള്ളത്ത് വീട്ടില്‍ വല്‍സലയ്ക്ക്. തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയന്‍ ഏജന്‍സി വിറ്റ ടിബി 128092 ടിക്കറ്റിനാണ് ബംപറടിച്ചത്. വല്‍സലയ്ക്ക് ഏജന്‍സി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും. ടിക്കറ്റ് വിറ്റ ഏജന്റ് രവിക്ക് ഒരു കോടി രൂപയും കിട്ടും.

ഭര്‍ത്താവ് മരിച്ച വല്‍സല (58) ഇപ്പോള്‍ മൂന്ന് മക്കളോടൊപ്പം വാടക വീട്ടിലാണ് കഴിയുന്നത്. തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിയായ ഇവര്‍ ഇപ്പോള്‍ അടാട്ടാണ് വാടകയ്ക്ക് താമസിക്കുന്നത്. കാലപ്പഴക്കമൂലം വീട് തകര്‍ന്നതിനെ തുടര്‍ന്ന് പുതിയ വീട് വയ്ക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വാടക വീട്ടിലേക്ക് മാറിയത്.

10 സീരിസുകളിലായി ആകെ 45 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് ഇത്തവണ ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ 43.11 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. ടിക്കറ്റ് വില 250 രൂപയായിരുന്നു. രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒന്‍പതു പേര്‍ക്കു നല്‍കും. 20 പേര്‍ക്ക് ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്.