വീടുകളില്‍ നിന്ന് മോദിയുടെ ചിത്രം നീക്കണമെന്ന് ഹൈക്കോടതി

single-img
20 September 2018

മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നിന്ന് നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സഞ്ജയ് യാദവ്, വിവേക് അവഗര്‍വാള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

സഞ്ജയ് പുരോഹിത് എന്ന മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഭരണാധികാരികളുടെ ചിത്രത്തിന് പകരം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ലോഗോ ഉപയോഗിക്കാമെന്ന് നേരത്തെയും കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ വീടുകളില്‍ വേണമെന്ന് നിര്‍ബന്ധം ചെലുത്തിയിട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് മോദിയുടെയും ചൌഹാന്റെയും ഫോട്ടോകള്‍ വീടുകളില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേരത്തെ വിമര്‍ശിച്ചിരുന്നു.

സംസ്ഥാനത്ത് പി.എം.എ.വൈ പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ പൂമുഖത്തും അടുക്കളയിലും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ പതിക്കണമെന്നായിരുന്നു സംസ്ഥാന നഗരവികസന വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ മഞ്ജു ശര്‍മ ഏപ്രില്‍ 4ന് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.