5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, നൂറു കണക്കിന് കാറുകള്‍: പൃഥ്വിരാജിന്റെ ‘ലൂസിഫറി’ലെ മെഗാ മാസ് രംഗം ഷൂട്ട് ചെയ്യാന്‍ മാത്രം ചിലവ് രണ്ടരക്കോടി രൂപ

single-img
20 September 2018

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫര്‍. യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നതുകൂടിയാണ് ആ കാത്തിരിപ്പിന്റെ കാരണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് 15 ദിവസമായി തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ലൂസിഫര്‍ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ചിത്രം അടുത്ത വര്‍ഷം വിഷുവിനാകും തിയേറ്ററുകളിലെത്തുക.

5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന മെഗാ മാസ് രംഗത്തിന്റെ ഷൂട്ടിങ്ങാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നൂറു കണക്കിന് കാറുകളും ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് ഈ രംഗത്തില്‍ അണി നിരക്കുന്നത്. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന് മാത്രമുള്ള ചെലവെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് ഈ രംഗവും മുന്നില്‍ നിന്ന് പകര്‍ത്തുന്നത്. 15 ദിവസമായി ചിത്രീകരണം തുടരുന്ന ഈ രംഗം സിനിമയിലെ ഏറ്റവും വഴിത്തിരിവാകുന്ന സീനുകളില്‍ ഒന്നാണ്. പൃഥ്വി എന്ന സംവിധായകനെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നാണ് ചിത്രത്തിലഭിനയിക്കുന്ന നടന്‍ നന്ദു ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ആദ്യ ദിവസം ഷൂട്ട് നടക്കുമ്പോള്‍ ലാലേട്ടന്‍ എന്റെ തോളില്‍ കൈവച്ച് പറഞ്ഞു, ‘വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി.’ ‘സംശയങ്ങളേ ഇല്ല, സാധാരണ സംവിധായകര്‍ ഷോട്ട് എടുത്തുകഴിഞ്ഞ് മോണിട്ടറില്‍ നോക്കി എന്തെങ്കിലും അപാകതളെക്കുറിച്ച് പറയും.

ഒരുതവണ കൂടി കാണും. ഇത് അതൊന്നുമില്ല കണ്ട് കഴിഞ്ഞാല്‍ കട്ട്, അടുത്തതിലേക്ക് പോകുകയാണ്. എല്ലാ ഷോട്ട്‌സും അദ്ദേഹം ഓര്‍ത്തിരിക്കും, നാല്‍പത് അന്‍പത് ഷോട്ടുകളുളള സീനുകളാണ് പലതും. അതില്‍ വലിയ താരങ്ങളും അനേകം ജൂനിയര്‍ ആര്‍ടിസ്റ്റുകളും ഉണ്ടാകും.

ഒരു സീന്‍ കഴിഞ്ഞാല്‍ രാജു തന്നെ പറയും അടുത്ത സീന്‍ എടുക്കാമെന്ന്. അപ്പോള്‍ അസോഷ്യേറ്റ് വാവ പറയും, നമുക്ക് ഒന്നുകൂടി നോക്കണമെന്ന്. നോക്കണമെങ്കില്‍ നോക്കിക്കോ, പക്ഷേ സീന്‍ തീര്‍ന്നു, ഷോട്ട് ഒക്കെ എടുത്തുവെന്ന് രാജു പറയും. അതാണ് രാജുവിന്റെ ആത്മവിശ്വാസം.’

‘ഇതൊരു വലിയ സിനിമയാണ്. ഇതില്‍ അഭിനയിച്ചിരിക്കുന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മാത്രം പ്രതിഫലം ഏകദേശം രണ്ട്, രണ്ടര കോടി വരും. എല്ലാ ഫ്രെയിമുകളിലും അഞ്ഞൂറും ആയിരവും ജൂനിയര്‍ ആര്‍ടിസ്റ്റുകളുണ്ട്. എറണാകുളത്ത് ഷൂട്ട് ചെയ്തപ്പോള്‍ രണ്ടായിരം പേരുണ്ടായിരുന്നു. ചില സീനില്‍ മൂവായിരം നാലായിരം ആളുകള്‍. ‘ നന്ദു പറഞ്ഞു.