ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് മുല്ലപ്പള്ളി; കളത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ. സുധാകരന്‍

single-img
20 September 2018

പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെയും പരിചയ സമ്പന്നരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല. ആരോഗ്യകരമായ വിമര്‍ശനങ്ങളെ സ്വീകരിക്കും. പാര്‍ട്ടിയുടെ താഴെ തട്ടിലെ കമ്മിറ്റികളെ ഊര്‍ജസ്വലമാക്കേണ്ടതുണ്ട്. അത് സാധ്യമായാല്‍ ലോക് സഭ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ജയം സാധ്യമാകും.

സംസ്ഥാനത്ത് ബി.ജെ.പിക്ക് വളര്‍ച്ചയുണ്ടായിട്ടുണ്ട്. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകും. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. അത്യന്തം സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി കളത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ. സുധാകരന്‍. കരുത്തായും കൈത്താങ്ങായും യുവാക്കള്‍ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കെപിസിസി ഭാരവാഹികളെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡിന്റെ തീരുമാനത്തോട് ഭിന്ന അഭിപ്രായമില്ല. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ ശിരസാവഹിക്കുന്നുവെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ വെല്ലുവിളിയാണ് ഇത്. സിപിഎമ്മിനെതിരെയും ബിജെപിക്കെതിരെയും യുവമനസുകളെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കും. പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്ത എഐസിസി നേതൃത്വത്തെ അഭിനന്ദിക്കുന്നു. ഭാരവാഹികളെ തെരഞ്ഞെടുത്തതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു.