കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതില്‍ കെ സുധാകരന് കടുത്ത അതൃപ്തി: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധ പോസ്റ്റര്‍

single-img
20 September 2018

കെ.പിസിസി അഴിച്ചുപണിയില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് കെ.സുധാകരന്‍. പുതിയ അധ്യക്ഷനെ തീരുമാനിച്ചത് എഐസിസിയാണ്. അതില്‍ തനിക്ക് അഭിപ്രായമില്ല. പുതിയ ടീമില്‍ താനുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പാര്‍ട്ടിയിലുള്ളിടത്തോളം പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കണമല്ലോ എന്നും കെ.സുധാകരന്‍ അങ്കമാലിയില്‍ പറഞ്ഞു.

അതിനിടെ കെ.പി.സി.സി പുനസംഘടനയെ ചോദ്യംചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധ പോസ്റ്റര്‍. കോഴിക്കോട് ഡി.സി.സിക്ക് സമീപമാണ് പോസ്റ്ററുകള്‍ ഒട്ടിച്ചത്. പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത പുനസംഘടന ആര്‍ക്ക് വേണ്ടിയെന്നാണ് പോസ്റ്ററിലെ ചോദ്യം.

ഗ്രൂപ്പില്ലാ കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുല്ലപ്പള്ളിക്കെതിരെ അദ്ദേഹത്തിന്റെ ജില്ലയില്‍ നിന്ന് തന്നെയാണ് ആദ്യ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റാക്കിയതില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കുള്ള പ്രതിഷേധമാണ് പുറത്തുവരുന്നത്.

അതേസമയം കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞു കേട്ട പേരുകളില്‍ പ്രധാനപ്പെട്ട് ഒരു പേര് കെ.സുധാകരന്റെതായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവെന്ന പ്രതിച്ഛായയും സുധാകരനുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ തൃപ്തിപ്പെടുത്താനും മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുന്നതിനുമായി രാഹുലിന് മുന്നില്‍ മറ്റ് വഴികളില്ലായിരുന്നു.

ഇതേ തുടര്‍ന്നാണ് കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷും വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനം നല്‍കിയത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി അധ്യക്ഷനായി രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കണമെന്ന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിര്‍ദ്ദേശത്തിന് രാഹുല്‍ ചെവി കൊടുക്കുകയായിരുന്നു.

എം.ഐ ഷാനാവാസ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരെ വര്‍ക്കിങ്ങ് പ്രസിഡന്റുമാരായും കെ.മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായുമാണ് നിയമിച്ചത്. കെ.മുരളീധരനെ നേതൃപദവിയില്‍ എത്തിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മുരളിയെ പ്രചാരണ സമിതി അധ്യക്ഷനാക്കിയത്.

ഇതിനിടെ യു.ഡി.എഫ് കണ്‍വീനറായി ബെന്നി ബെഹ്‌നാനെ തീരുമാനിച്ചു. ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സുധാകരന്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. ഹൈകമാന്‍ഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കെ.പി.സി.സിയുടെ പുതിയ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന് എം എം ഹസന്‍ പറഞ്ഞു. തൃപ്തിയോടെയാണ് ഇറങ്ങുന്നത്. സംഭവബഹുലമായിരുന്നു ഒന്നര വര്‍ഷം. പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ കഴിഞ്ഞു. വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ച തീരുമാനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. മുല്ലപ്പള്ളി പരിചയസമ്പത്തുള്ള വ്യക്തിയാണെന്നും ഹസന്‍ പറഞ്ഞു.