വിമാനം പറന്നുയര്‍ന്ന ഉടനെ യാത്രക്കാര്‍ക്കു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം: ജെറ്റ് എയര്‍വെയ്‌സ് തിരിച്ചിറക്കി

single-img
20 September 2018

മുംബൈയില്‍നിന്നു ജയ്പുരിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണു സംഭവം. 166 യാത്രക്കാരില്‍ മുപ്പതിലധികം പേര്‍ക്കാണു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം ഉണ്ടായത്. ടേക്ക് ഓഫ് സമയത്ത് കാബിനിലെ വായുസമ്മര്‍ദം നിയന്ത്രിക്കുന്നതിലെ പിഴവാണു യാത്രക്കാരെ കുഴപ്പത്തിലാക്കിയത്.

വിമാന ജീവനക്കാര്‍ ഉടന്‍ ഓക്‌സിജന്‍ മാസ്‌കുകള്‍ യാത്രക്കാര്‍ക്കു നല്‍കി. രക്തസ്രാവത്തിനൊപ്പം പലര്‍ക്കും തലവേദനയും അനുഭവപ്പെട്ടത് വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി. ഇതേത്തുടര്‍ന്നു വിമാനം തിരിച്ചിറക്കി. മുംബൈയില്‍ തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ ഡോക്ടര്‍മാര്‍ പരിശോധിച്ചു.

പറന്നുപൊങ്ങുന്നതിനു മുന്‍പു കാബിനിലെ വായുസമ്മര്‍ദം ക്രമീകരിക്കുന്നതില്‍ വന്ന പിഴവാണ് അപകടത്തിനു കാരണമെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) പറഞ്ഞു. ഡിജിസിഎയുടെ നിര്‍ദേശപ്രകാരം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു.