ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി: ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍ ഫ്രാങ്കോയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രതിഷേധം

single-img
20 September 2018

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സിബിസിഐ അധ്യക്ഷന്‍ വ്യക്തമാക്കി. മുംബൈ ബിഷപ് എമിരറ്റിസ് (ആക്‌സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിനാണ് പകരം ചുമതല.

എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷം ബിഷപ് ഫ്രാങ്കോയുടെ ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി(സിബിസിഐ) പ്രസിഡന്റ് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് അറിയിച്ചു.

ചുമതലകളില്‍ നിന്നൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ചൊവ്വാഴ്ചയാണ് ബിഷപ് ഫ്രാങ്കോ വത്തിക്കാനു കത്തു നല്‍കിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കേരളത്തിലേക്ക് പോകുന്നതിനാല്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

അതിനിടെ ഫ്രാങ്കോ മുളയ്ക്കലിന്റെ കോലംകത്തിച്ച് എഐവൈഎഫ് പ്രതിഷേധം. ബിഷപ്പിനെ ചോദ്യംചെയ്യുന്ന തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍ പ്രകടനമായെത്തിയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ബിഷപ്പിന്റെ ചോദ്യംചെയ്യല്‍ ആരംഭിച്ച ബുധനാഴ്ചയും എഐവൈഎഫ് പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

ചോദ്യംചെയ്യലിനു ശേഷം പുറത്തിറങ്ങിയ ബിഷപ്പിനു നേരെ കരിങ്കൊടി കാണിച്ചായിരുന്നു പ്രതിഷേധം. ‘പീഡനവീരന്‍ ഫ്രാങ്കോയെ അറസ്റ്റു ചെയ്യുക’, ‘പോലീസ് ഒത്തുകളി അവസാനിപ്പിക്കുക’, ‘കന്യാസ്ത്രീമാര്‍ക്ക് ഐക്യദാര്‍ഢ്യം’, ‘സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എഐവൈഎഫ് പ്രകടനം നടത്തിയത്.
എഐവൈഎഫ് തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയാണ് ബിഷപ്പിനെതിരെ സമരം സംഘടിപ്പിച്ചത്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുത്തു.

കേരളത്തില്‍ ഭരിക്കുന്നത് ഏത് പാര്‍ട്ടിയാണെങ്കിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി സമരം സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് നേതാക്കള്‍ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റു ചെയ്യാത്തത് പോലീസിന്റെ ഒത്തുകളി മൂലമാണെന്നും അവര്‍ ആരോപിച്ചു.