മോദിയെ കാണാനായില്ല; യുവതി ഓടിക്കൊണ്ടിരിക്കുന്ന ബസിനു തീവെച്ചു

single-img
20 September 2018

വാരാണസി സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ സാധിക്കാഞ്ഞതില്‍ നിരാശയായ സ്ത്രീ ബസിനു തീവെച്ചു. ലഖ്‌നൗവിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആഡംബര വോള്‍വോ ബസിനാണ് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു.

അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തില്‍ ലക്‌നൗ സ്വദേശി വന്ദന രഘുവംശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാരാണസി കന്റോണ്‍മെന്റ് ബസ് സ്റ്റേഷനില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഉത്തര്‍പ്രദേശില്‍നിന്ന് പൂര്‍വാഞ്ചല്‍ മേഖല വേര്‍പെടുത്തി പ്രത്യേക സംസ്ഥാനമുണ്ടാക്കണമെന്ന് വാദിക്കുന്ന വന്ദന രഘുവംശിയാണ് അതിക്രമം കാണിച്ചത്.

വന്ദന ബസില്‍ പെട്രോളൊഴിച്ചു തീവെക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരു മണിക്കൂറോളമെടുത്താണ് തീയണയ്ക്കാനായത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. സംസ്ഥാന രൂപവത്കരണം ആവശ്യപ്പെട്ട് ഓഗസ്റ്റ് 15 മുതല്‍ ഇവര്‍ നിരാഹാരസമരം നടത്തിയിരുന്നു.

ആരോഗ്യനില മോശമായതോടെ ഓഗസ്റ്റ് 29ന് നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയായിരുന്നെന്നും വാരാണസി എസ്.പി. ദിനേഷ് കുമാര്‍ സിങ് പറഞ്ഞു. സെപ്തംബര്‍ 17 ന് തന്റെ 68ാം പിറന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വാരണാസിയില്‍ എത്തിയതായിരുന്നു നരേന്ദ്രമോദി.