മുത്തലാഖ് ഇനി ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

single-img
19 September 2018

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഡിസംബറില്‍ ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്ലില്‍ (ദ് മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഇന്‍ മാര്യേജ് ആക്ട്) ഉള്ള വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സിലുള്ളത്.

ബില്‍ രാജ്യസഭയില്‍ പാസാക്കാനായില്ല. ഇതേത്തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണു ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലില്‍ പറയുന്നു.

ശുപാര്‍ശ എത്രയും വേഗം രാഷ്ട്രപതിയുടെ മുമ്പില്‍ വയ്ക്കാനാണ് നീക്കം. ആരെങ്കിലും നല്‍കുന്ന പാരാതിയില്‍ അറസ്റ്റ് നടപടി സാധ്യമാകുമെന്നതായിരുന്നു മുത്തലാഖ് ബില്ലിനെതിരെ പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ച ആരോപണം. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഇത് തിരുത്തി കേസെടുക്കാന്‍ മുത്തലാഖ് ചൊല്ലുന്ന സ്ത്രീയോ രക്തബന്ധമുള്ളവരോ പരാതി നല്‍കണം എന്ന വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ലോകസഭ പാസാക്കിയ മുസ്ലിം വനിതാവകാശ ബില്ലിലെ വ്യവസ്ഥകളെല്ലാം ഓര്‍ഡിനന്‍സില്‍ ചേര്‍ത്തിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തില്‍ ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് പ്രഖ്യാപിച്ച വിധിയിലൂടെ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയശേഷം ശബ്ദവോട്ടോടെയായിരുന്നു ബില്‍ പാസാക്കിയത്.