വിജയ് മല്യയെ അറസ്റ്റു ചെയ്യേണ്ടെന്ന് സി.ബി.ഐ. മുംബൈ പോലീസിനെ അറിയിച്ചിരുന്നു: റിപ്പോര്‍ട്ട് പുറത്ത്

single-img
19 September 2018

വിജയ് മല്യയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും വിമാനത്താവളത്തില്‍ അദ്ദേഹത്തിന്റ വരവും പോക്കും അറിയിച്ചാല്‍ മതിയെന്നും സി.ബി.ഐ. 2015ല്‍ മുംബൈ പോലീസിനെ അറിയിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. മല്യയെ അറസ്റ്റുചെയ്യണമെന്ന ലുക്കൗട്ട് നോട്ടീസ് അബദ്ധത്തില്‍ തയ്യാറാക്കിയതാണെന്നും സി.ബി.ഐ. മുംബൈ പോലീസിനെ രേഖാമൂലം അറിയിച്ചിരുന്നു.

ലുക്കൗട്ട് നോട്ടീസ് മയപ്പെടുത്തിയത് ‘വിലയിരുത്തലില്‍ ഉണ്ടായ പിഴവ്’ ആണെന്നാണ് കഴിഞ്ഞദിവസം സി.ബി.ഐ. അവകാശപ്പെട്ടിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം പുറത്തുവിട്ട റിപ്പോര്‍ട്ട്. എന്നാല്‍, ആദ്യ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമ്പോള്‍ മല്യയെ അറസ്റ്റുചെയ്യാനുള്ള ‘മതിയായ കാരണങ്ങള്‍’ ഉണ്ടായിരുന്നില്ലെന്നാണ് സി.ബി.ഐ. നല്‍കുന്ന വിശദീകരണം.

‘അന്ന് അദ്ദേഹം പാര്‍ലമെന്റംഗമായിരുന്നു. അറസ്റ്റുചെയ്യാന്‍ വാറന്റുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ലുക്കൗട്ട് നോട്ടീസിലെ ‘തടഞ്ഞുവെക്കല്‍’ മാറ്റി ‘അറിയിക്കണം’ എന്നാക്കി തിരുത്തിയത്’സി.ബി.ഐ. വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അന്ന് മല്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2015 ഒക്ടോബര്‍ 12നാണ് ആദ്യത്തെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മല്യ വിദേശത്തുനിന്ന് ഡല്‍ഹിയിലെത്തിയ നവംബര്‍ 24നാണ് രണ്ടാം സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മല്യ എത്തുന്നുണ്ടെന്നും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടോയെന്നും ഇമിഗ്രേഷന്‍ അധികൃതര്‍ ആരാഞ്ഞിരുന്നു.

ഇതിനു മറുപടിയായാണ് ഈ ഘട്ടത്തില്‍ അറസ്റ്റ് ആവശ്യമില്ലെന്ന് സി.ബി.ഐ. മുംബൈ എസ്.പി. ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചത്. അറസ്റ്റ് ചെയ്യേണ്ടിവന്നാല്‍ അറിയിക്കാമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരനും സി.ബി.ഐ. ജോയന്റ് ഡയറക്ടറുമായ എ.കെ. ശര്‍മയാണ് മല്യയുടെ പേരിലുള്ള ലുക്കൗട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തി അദ്ദേഹത്തെ നാടുവിടാന്‍ സഹായിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.