അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ കാര്‍ വിട്ടുനല്‍കി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൊതുപരിപാടിക്കെത്തിയത് ഓട്ടോയില്‍

single-img
19 September 2018

തിരുവനന്തപുരം: ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. പ്രളയദുരിത ബാധിതര്‍ക്കായുള്ള സാധനങ്ങള്‍ ശേഖരിച്ച കേന്ദ്രങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സെക്രട്ടേറിയറ്റില്‍നിന്ന് കനകക്കുന്നിലേക്കു പോകുകയായിരുന്നു മന്ത്രി.

ഇതിനിടയിലാണ് സെക്രട്ടേറിയറ്റിനു സമീപം പുന്നന്‍ റോഡില്‍ വിവരാവകാശ കമ്മിഷന്‍ ഓഫീസിനു സമീപം ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുന്നത് മന്ത്രി കണ്ടത്. ഇയാളെ ഉടന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വാഹനത്തില്‍ക്കയറ്റി. പരിക്കേറ്റയാളെ മന്ത്രിയുടെ ഗണ്‍മാനും ഡ്രൈവറും ചേര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ മന്ത്രിയും ഒപ്പമുണ്ടായിരുന്ന ജീവനക്കാരനും കനകക്കുന്നിലേക്കു പോയി.

ബാലാവകാശ കമ്മിഷന്‍ ജീവനക്കാരന്‍ പൂവച്ചല്‍ സ്വദേശി ആല്‍ഫ്രഡിനാണ് അപകടത്തില്‍ പരിക്കേറ്റത്. ഏതു വാഹനമാണ് ഇടിച്ചിട്ടതെന്നു തിരിച്ചറിഞ്ഞിട്ടില്ല. റോഡിലേക്കു തെറിച്ചുവീണ ആല്‍ഫ്രഡിനു തലയ്ക്കാണ് പരിക്കേറ്റത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിനോടു നിര്‍ദേശിച്ചിട്ടുണ്ട്.