‘ഇന്ധനവില വളരെക്കൂടുതല്‍; അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു’: മോദിസര്‍ക്കാരിനെതിരെ തിരിഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

single-img
19 September 2018

ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെ സര്‍ക്കാരിനെതിരെ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. രാജ്യത്തെ ഇന്ധനവില വളരെ കൂടുതലാണെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

മുംബൈയില്‍ മൂന്നാമത് ബ്ലൂംബെര്‍ഗ് ഇന്ത്യാ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കവേ ഇന്ധനവിലയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ധനവില വളരെക്കൂടുതലാണ്. ജനങ്ങള്‍ തീര്‍ച്ചയായും വലിയ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്-ഗഡ്കരി പറഞ്ഞു.

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ സാധ്യതയുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വിവരത്തിന്റെ ഉറവിടം അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും നികുതിനിരക്ക് കുറയ്ക്കുമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് താനല്ലെന്നും ധനമന്ത്രിയാണെന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി.