പാക്കിസ്ഥാന്റെ ക്രൂരത: ബിഎസ്എഫ് ജവാനെ കൊന്ന് കഴുത്തറുത്തു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

single-img
19 September 2018

ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം പാകിസ്ഥാന്‍ സൈനികര്‍ കഴുത്തറത്തു. ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യപാക് അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ മുള്ളുവേലിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്.

ബിഎസ്എഫ് പാക് സൈനികര്‍ക്കെതിരെ ശക്തമായ പരാതി ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹത്തില്‍ മൂന്ന് വെടിയുണ്ടകള്‍ തളച്ച പാടുമുണ്ട്. സംഭവം അറിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷവും പ്രതികരിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല.

നരേന്ദര്‍ കുമാറിനെ കാണാതായതിനെത്തുടര്‍ന്ന് തെരച്ചില്‍ നടത്താന്‍ പാകിസ്താന്‍ റേഞ്ചേഴ്‌സിനോട് ബിഎസ്എഫ് സഹായം തേടിയിരുന്നു. എന്നാല്‍ അവര്‍ പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാകാതെ പ്രദേശത്തെ ജലസേചന സംവിധാനത്തില്‍ വന്ന തകരാറിന്റെ പേര് പറഞ്ഞ് തിരികെപ്പോവുകയായിരുന്നു.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടന്ന അതിക്രൂരതയെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിനെയും വിദേശകാര്യമന്ത്രാലയത്തെയും ഉദ്ധരിച്ച് മിലിട്ടറി ഓപ്പറേഷണല്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ ഈ സംഭവം ഇടയാക്കിയേക്കും. വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും. മാത്രമല്ല ഡി.ജി.എം.ഒ തലത്തിലും വിഷയം ഉന്നയിക്കും. അതേസമയം അതിര്‍ത്തിക്കു സമീപത്തെ കാട് വെട്ടിത്തെളിക്കാന്‍ എത്തിയ ബിഎസ്എഫ് സംഘത്തിന് നേരെ ചൊവ്വാഴ്ച്ച രാവിലെ പത്തേമുക്കാലോടെ വെടിവെയ്പ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്.