താന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍: ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിലേക്ക് എത്തിയത് മണിക്കൂറുകള്‍ നീണ്ട നാടകത്തിനൊടുവില്‍

single-img
19 September 2018

കന്യാസ്ത്രീയുടെ ബലാല്‍സംഗ പരാതിയില്‍ നിലപാടിലുറച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. നിരപരാധിയെന്ന് ആവര്‍ത്തിച്ച ബിഷപ്പ്, പരാതിക്കാരിയായ കന്യാസ്ത്രീക്ക് ദുരുദ്ദേശമെന്നും മൊഴി നല്‍കി. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചു. മെയ് അഞ്ചിനു മഠത്തില്‍ പോയെങ്കിലും അവിടെ താമസിച്ചില്ലെന്നാണ് ബിഷപ്പ് പറയുന്നത്.

കേസില്‍ ചോദ്യാവലി അനുസരിച്ചുള്ള ചോദ്യം ചെയ്യല്‍ തുടരുകയാണ്. കോട്ടയം എസ് പി ഹരിശങ്കറാണ് ചോദ്യം ചെയ്യുന്നത്. കൊച്ചി ഡിസിപിയും വൈക്കം ഡിവൈഎസ്പിയും ഒപ്പമുണ്ട്. ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീളാന്‍ സാധ്യതയെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് അത്യാവശ്യമായി വന്നാലുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോറന്‍സിക് മെഡിക്കല്‍ സംഘവും ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമേ അറസ്റ്റ് കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.

അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളുള്ള മുറിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. മുറിയില്‍ അഞ്ച് ക്യാമറകള്‍ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി എടുക്കുന്നത് പൂര്‍ണമായും ചിത്രീകരിക്കാനും മുഖഭാവങ്ങളടക്കമുള്ളവ പരിശോധിക്കാനുമാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ചോദ്യം ചെയ്യല്‍ പൂര്‍ണമായും ചിത്രീകരിക്കും. ചോദ്യം ചെയ്യല്‍ തത്സമയം മേലുദ്യോസ്ഥര്‍ക്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഐജിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ടത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലിനായി എത്തുക. തുടര്‍ന്നും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ മൂന്നാം ഘട്ടത്തില്‍ രണ്ടാം ഘട്ടത്തിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ തുടരും. നേരത്തെ കൊച്ചി റേഞ്ച് ഐജി വിജയ് സാഖറേയെയുമായി അന്വേഷണ സംഘവും കോട്ടയം എസ് പിയും ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലാണ് ചോദ്യം ചെയ്യലിന്റെ അന്തിമരൂപം തയ്യാറാക്കിയത്.

അതേസമയം മണിക്കൂറുകള്‍നീണ്ട നാടകത്തിനൊടുവിലാണ് ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിലേക്ക് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 11 മണിക്കുശേഷം എത്തിയത്. ജലന്ധറില്‍നിന്ന് നേരത്തെ വളരെ രഹസ്യമായി കേരളത്തിലെത്തിയ ബിഷപ്പ് പൊലീസ് അകമ്പടിയോടെയാണ് ചോദ്യംചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.

ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കേരളത്തിലെത്തുന്നതിന്റെ എല്ലാ വിവരങ്ങളും തീര്‍ത്തും രഹസ്യമാക്കിയായിരുന്നു ജലന്ധറില്‍നിന്നുള്ള ബിഷപ്പിന്റെ യാത്ര. തൃശൂര്‍ അയ്യന്തോളിലുള്ള സഹോദരനും ബിസിനസുകാരനുമായ ഫിലിപ്പിന്റെ വീട്ടില്‍ ബിഷപ്പുണ്ടെന്ന സൂചനയില്‍ ഇന്ന് രാവിലെ അവിടേക്ക് മാധ്യമങ്ങള്‍ എത്തിയിരുന്നു.

എന്നാല്‍ എട്ടരയോടെ ഈ വീട്ടില്‍നിന്ന് കൊച്ചിക്ക് പുറപ്പെട്ട കാറില്‍ സഹോദരന്‍ ഫിലിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. എളമക്കരയിലെ ബന്ധുവീട്ടില്‍ ഈ കാറിന്റെ യാത്ര അവസാനിക്കുന്ന സമയത്ത് മറ്റൊരു ചെറുകാറില്‍ ബിഷപ്പ് രഹസ്യമായി കൊച്ചിക്ക് വരികയായിരുന്നു.

തൃശൂര്‍ എറണാകുളം അതിര്‍ത്തിയിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് രാവിലെ ആഡംബര കാറില്‍ കൊച്ചിക്ക് തിരിച്ച ബിഷപ്പ് ദേശീയപാതയില്‍വച്ച് ചെറുകാറിലേക്ക് യാത്ര മാറ്റുകയായിരുന്നു. പതിനൊന്നുമണിയോടെ ബിഷപ്പ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങളടക്കമാണ് ഇവിടെ കാത്തുനിന്നത്.

എന്നാല്‍ സാധാരണ വാഹനങ്ങള്‍ കടത്തിവിടുന്ന വഴിവിട്ട് മറ്റൊരു ഗെയിറ്റിലൂടെയാണ് ബിഷപ്പിന്റെ കാര്‍ പൊലീസ് അകമ്പടിയോടെ ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിലെത്തിച്ചത്.