ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റെ ബിരുദം വ്യാജമെന്ന് സര്‍വകലാശാല സ്ഥിരീകരിച്ചു

single-img
19 September 2018

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കുരുക്കില്‍. എബിവിപി നേതാവായ അങ്കിത് ബസോയ സര്‍വകലാശാലയില്‍ പ്രവേശനത്തിന് സമര്‍പ്പിച്ച ബിരുദ രേഖകള്‍ വ്യാജമെന്ന് തിരുവള്ളുവര്‍ സര്‍വകലാശാല അധികൃതര്‍ സ്ഥിരീകരിച്ചു.

‘അങ്കിത് ബൈസോയ എന്ന പേരില്‍ ഒരു വിദ്യാര്‍ഥി ഇവിടെ പഠിച്ചിട്ടില്ല. ഡല്‍ഹിയില്‍ എന്നല്ല, മറ്റൊരിടത്തും ഞങ്ങള്‍ക്കു ശാഖകളുമില്ല. ഇതു വ്യാജ സര്‍ട്ടിഫിക്കറ്റാണ്. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. ഞങ്ങളുടെ പേരില്‍ വ്യാജരേഖകള്‍ നല്‍കുന്ന സ്ഥാപനങ്ങളുണ്ടെന്ന് അറിഞ്ഞു.

അതിന് ഞങ്ങള്‍ ഉത്തരവാദികളല്ല’ വെല്ലൂരിലെ തിരുവള്ളുവര്‍ സര്‍വകലാശാലയിലെ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള പി.അശോകന്‍ പറഞ്ഞു. അങ്കിത് സമര്‍പ്പിച്ച മാര്‍ക്ക്ഷീറ്റുകളിലും ഗുരുതരമായ പിഴവുകളുണ്ട്. ബിഎ എന്നു മാത്രമാണു രേഖയിലുള്ളത്. വിഷയമേതെന്നു പറഞ്ഞിട്ടില്ല.

എബിവിപിക്കും അങ്കിവിനുമെതിരെ പ്രതിഷേധവുമായി എന്‍എസ്‌യുഐ ഉള്‍പ്പെടെ രംഗത്തുവന്നു. അങ്കിവ് വെല്ലൂരിലാണ് പഠിച്ചതെന്നറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലരാണ് ആദ്യം സംശയമുന്നയിച്ചത്. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചു, സര്‍വകലാശാലയുമായി ബന്ധപ്പെട്ടു. ഇതോടെയാണ് രേഖകള്‍ വ്യാജമാണെന്നു തെളിഞ്ഞത്. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് അങ്കിവ് രംഗത്തെത്തി. എന്‍എസ്‌യുഐക്കെതിരെ മാനനഷ്ടത്തിനു കേസു നല്‍കുമെന്നും അങ്കിവ് വ്യക്തമാക്കി.