‘അവന്‍ വരും, അവന്‍ ശക്തനായിരിക്കും, ആ കരുത്തന്റെ വരവിന് വേണ്ടി പാര്‍ട്ടി കാത്തിരിക്കുകയാണ്’: വാര്‍ത്താ സമ്മേളനത്തില്‍ പഞ്ച് ഡയലോഗുമായി പി.എസ് ശ്രീധരന്‍ പിള്ള

single-img
18 September 2018

മറ്റു പാര്‍ട്ടികളില്‍ നിന്നും മുന്‍നിര നേതാക്കള്‍ ബി.ജെ.പിയില്‍ വരുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. പാര്‍ട്ടി ചുമതലയുള്ളവനായിരിക്കും അവന്‍. അവന്‍ ശക്തനായിരിക്കും, അവനു വേണ്ടി കാത്തിരിക്കുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.

മൂന്നാഴ്ചയായി മന്ത്രിസഭായോഗം പോലും ചേരാതെ കേരളം ഉദ്യോഗസ്ഥ ഭരണത്തിലാണ്. മന്ത്രിസഭയില്‍ അധ്യക്ഷം വഹിക്കാനുള്ള അനുമതി മാത്രമാണ് മന്ത്രി ഇ.പി.ജയരാജന് നല്‍കിയത്. അതില്‍കൂടുതല്‍ നല്‍കുന്നതിന് മുഖ്യമന്ത്രിക്ക് കൈവിറച്ചു. സഖാക്കളെ വിശ്വാസമില്ലാത്ത മുഖ്യമന്ത്രി ഭരണം ചീഫ് സെക്രട്ടറിയുടെ കീഴിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിമാര്‍ വിളിച്ചാല്‍പോലും സംസാരിക്കാന്‍ കേരളത്തിലാളില്ല. മന്ത്രിമാര്‍ക്ക് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടേണ്ട അവസ്ഥയാണ്. സര്‍ക്കാര്‍ എന്ന വാക്കിനുപോലും അര്‍ത്ഥമില്ലാത്ത ഗതികേടില്‍ കേരളത്തെയെത്തിച്ചു. എടുത്തജോലിക്കുള്ള കൂലി പിടിച്ചുവാങ്ങുന്ന കൊള്ളയാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഹൈക്കോടതിപോലും പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകരില്‍നിന്ന് അമിതചാര്‍ജ് ഊറ്റിയെടുക്കുന്ന സ്ഥിതിയാണ്. അവിടെ അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിട്ടില്ല. അപകടകരമായ അവസ്ഥയാണ് ശബരിമലയിലുള്ളത്. ഈ നിലപാട് തിരുത്തിയില്ലെങ്കില്‍ ബി.ജെ.പി. സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പേരിനുള്ള സമരങ്ങളോടു ബിജെപിക്കു താല്‍പര്യമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഇന്ധന വിലവര്‍ധനക്കെതിരെ ബിജെപി സമരം ചെയ്യാത്തതിനെക്കുറിച്ചായിരുന്നു പ്രതികരണം. വിലനിര്‍ണയാധികാരം എണ്ണക്കമ്പനികളെ ഏല്‍പിച്ചതു യുപിഎ സര്‍ക്കാരാണെന്നും നികുതി കുറയ്‌ക്കേണ്ടതു സംസ്ഥാന സര്‍ക്കാരുകളാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേന്ദ്രത്തിന്റെ ഭാഗത്തു വീഴ്ചയില്ലെങ്കില്‍ ഇത്രയും വലിയ ജനകീയ പ്രശ്‌നത്തില്‍ ബിജെപി സമരം ചെയ്യാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനായിരുന്നു മറുപടി. എണ്ണവില കുറയ്ക്കാനുള്ള നടപടി വൈകാതെയുണ്ടാകുമെന്നു ദേശീയ പ്രസിഡന്റ് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തില്‍ വിശ്വാസമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുകയല്ലേ എന്ന ചോദ്യത്തിന്, കൊള്ളയടിക്കുന്നതു കേരള സര്‍ക്കാര്‍ മാത്രമാണെന്നായിരുന്നു മറുപടി. മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളം നികുതി കുറയ്ക്കാന്‍ തയാറാകണമെന്നും പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.