‘126 നു പകരം 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലൂടെ മോദി സര്‍ക്കാര്‍ രാജ്യസുരക്ഷ അവതാളത്തിലാക്കി’

single-img
18 September 2018

റഫാല്‍ ഇടപാടില്‍ ചിലത് മറക്കാനുള്ളതു കൊണ്ടാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി. യു.പി.എ സര്‍ക്കാര്‍ കാലത്തെക്കാള്‍ വില കുറച്ചാണ് വാങ്ങുന്നതെങ്കില്‍ യുദ്ധ വിമാനങ്ങളുടെ എണ്ണം 126 ല്‍ നിന്ന് 36 ആയി കുറച്ചതെന്തു കൊണ്ടാണെന്ന് ആന്റണി ചോദിച്ചു.

എണ്ണം കുറയ്ക്കാന്‍ മോദിയെ അധികാരപ്പെടുത്തിയത് ആരാണെന്നും അറിയണം. റഫാലില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അസത്യപ്രചാരണം നടത്തുകയാണ്. യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ എച്ച്.എ.എല്ലിന് അറിയില്ലെന്ന നിര്‍മല സീതാരാമന്റെ പ്രസ്താവന ആ സ്ഥാപനത്തിന്റെ യശസിന് കളങ്കമുണ്ടാക്കിയെന്നും ആന്റണി കുറ്റപ്പെടുത്തി.

അതിനിടെ, റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി അടുത്തമാസം പത്തിന് പരിഗണിക്കുന്നതിനായി മാറ്റി. സുഖമില്ലെന്ന ഹര്‍ജിക്കാരന്റെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നും ഹര്‍ജിക്കാരനായ മനോഹര്‍ലാല്‍ ശര്‍മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒന്നാം എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിക്കണമെന്നും, അതുവരെ ഇടപാട് മരവിപ്പിക്കണമെന്നുമാണ് ആവശ്യം

അതേസമയം എ.കെ. ആന്റണിയുടെ ആരോപണങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്. 2015 ല്‍ ഫ്രാന്‍സ് സന്ദര്‍ശന സമയത്താണ് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. ഫ്രാന്‍സുമായി 58,000 കോടി രൂപയുടെ കരാറാണ് ഇതിനായി ഉണ്ടാക്കിയത്.