ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്ക് കനത്ത പ്രഹരം; തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

single-img
18 September 2018

ബാര്‍ക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഹര്‍ജി കോടതി തള്ളി. മാണിക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച മൂന്നാമത്തെ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം പൂര്‍ണമായിരുന്നില്ല. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങാന്‍ കോടതി വിജിലന്‍സിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഡിസംബര്‍ 10ന് മുന്‍പ് സര്‍ക്കാര്‍ അനുമതി വാങ്ങാനാണ് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു വിജിലന്‍സ് റിപ്പോര്‍ട്ട്.

മൂന്ന് പ്രാവശ്യമാണ് കേസില്‍ വിജിലന്‍സ് മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കില്‍ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കണമെന്നുമായിരുന്നു കേസില്‍ കക്ഷി ചേര്‍ന്നവരുടെ ആവശ്യം.

വി.എസ്.അച്യുതാനന്ദന്‍, ആരോപണം ഉന്നയിച്ച ബിജു രമേശ്, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, വി.മുരളീധരന്‍ എംപി എന്നിവരാണ് ഇക്കാര്യം കോടതില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അഴിമതി നിരോധന നിയമത്തില്‍ വരുത്തിയ ഭേദഗതിയനുസരിച്ച് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം.

ഇതേ തുടര്‍ന്ന് ബാര്‍കേസില്‍ തുടരന്വേഷണം പ്രഖ്യാപിക്കാന്‍ നിയമഭേദഗതി തടസ്സമാണോയെന്ന് വിജിലന്‍സിനോട് കോടതി നേരത്ത ആരാഞ്ഞു. തുടരന്വേഷണങ്ങള്‍ക്ക് നിയമഭേദഗതി തടസ്സമല്ലെന്ന് പറഞ്ഞ വിജിലന്‍സ് എന്നാല്‍ ബാര്‍ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

കേസ് അവസാനിപ്പിക്കാനുള്ള വിജിലന്‍സിന്റെ നീക്കമാണ് കോടതി ഇടപെടലിലൂടെ ഇല്ലാതായിരിക്കുന്നത്. കേസില്‍ തുടര്‍ നടപടിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പുനരന്വേഷണം ഉണ്ടാകും. അങ്ങനെ വന്നാല്‍ സമീപ ഭാവിയിലൊന്നും കെ.എം.മാണിക്ക് ബാര്‍ക്കോഴ കേസില്‍ നിന്നും മുക്തനാകാന്‍ കഴിയാതെ വരും.

പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണു കേസ്. മാണിയുടെ വസതിയില്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ശേഖരിച്ച പണവുമായി എത്തിയിരുന്നെന്നും എന്നാല്‍ പണം മാണിക്കു കൈമാറിയതായി ഒരു സാക്ഷിപോലും പറഞ്ഞിട്ടില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.