ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പുതിയ ട്വിസ്റ്റ്

single-img
18 September 2018

ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ മലക്കം മറിഞ്ഞ് കന്യാസ്ത്രീയുടെ ഇടവകയായ കോടനാട് പളളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍. ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയ വൈദികന്‍, കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന നിലപാടിലാണ് ഇപ്പോള്‍.

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മൂന്നുമാസം മുമ്പ് പറഞ്ഞ കന്യാസ്ത്രീ ഇതുവരെ തെളിവ് തന്നെ കാണിച്ചിട്ടില്ലെന്ന് ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ പറഞ്ഞു. തെരുവില്‍ ഇറങ്ങുന്നതിനു മുമ്പ് തെളിവ് പൊലീസിനു നല്‍കാതെ സഭയെ അപമാനിക്കാന്‍ ഇടകൊടുത്ത അവര്‍ സഭാശത്രുക്കളാണെന്നും ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പറഞ്ഞു.

ജലന്തര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്നും അതില്‍ ചിലത് താന്‍ കണ്ടുവെന്നുമായിരുന്നു നേരത്തെ ഈ വൈദികന്റെ വെളിപ്പെടുത്തല്‍. പരാതിക്കാരിയായ കന്യാസ്ത്രീ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ ഫാദര്‍ നിക്കോളാസിനോടാണ് ആദ്യം പറഞ്ഞത്. പിന്നീട് പൊലീസിന് നല്‍കിയ മൊഴിയിലും വൈദികന്‍ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് ഫാദര്‍ നിക്കോളാസ് കളംമാറിയത്.

അതിനിടെ, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയെ സമീപിക്കും. കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയാണെന്നും ഇവര്‍ക്ക് തന്നോടുള്ളത് വ്യക്തി വിരോധമെന്നും ജലന്ധര്‍ ബിഷപ്പ് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

മിഷനറീസ് ഓഫ് ജീസസിന്റ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രിയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്നാണ് കന്യാസ്ത്രിയുടെ തെറ്റിദ്ധാരണ. ഇതാണ് കള്ളക്കഥകള്‍ക്ക് പിന്നിലെ കാരണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു. മറ്റൊരു സ്ത്രീ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പേരിലായിരുന്നു കന്യാസ്ത്രീയ്ക്ക് നേരെ നടപടിയെടുത്തത്.

പരാതിക്കാരിയായ കന്യാസ്ത്രി മുമ്പ് മഠത്തില്‍ ശല്യക്കാരിയായിരുന്നു, ഗതികെട്ടാണ് പരിയാരത്തേക്ക് സ്ഥലം മാറ്റിയത്. കന്യാസ്ത്രിയും ബന്ധുക്കളും ഇതിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കേരളത്തിലെത്തിയാല്‍ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

പൊലീസിന് കൊടുത്ത ആദ്യ മൊഴിയില്‍ കന്യാസ്ത്രി ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ല. കാര്യമറിയാതെ മാധ്യമങ്ങളും പൊതുജനവും തന്നെ ക്രൂശിക്കുകയാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ല, അന്വേഷണവുമായി സഹകരിക്കുന്നത് തുടരുമെന്നും ഹര്‍ജിയില്‍ ബിഷപ്പ് വ്യക്തമാക്കുന്നു. ഹര്‍ജിക്കൊപ്പം കന്യാസ്ത്രിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടുകളും പരാതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം 11 ാം ദിവസത്തിലേക്ക് കടന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിയും തിങ്കളാഴ്ചമുതല്‍ ഹൈക്കോടതി ജങ്ഷനിലെ സമരപ്പന്തലില്‍ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ബിഷപ്പ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകുന്നത് കണക്കിലെടുത്ത് ഇന്നുമുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സമരം തുടങ്ങുമെന്നും പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.