Breaking News

ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സെപ്റ്റംബര്‍ 25ലേക്ക് മാറ്റി

ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സെപ്റ്റംബര്‍ 25ലേക്ക് മാറ്റി. സര്‍ക്കാരിന്റെ അഭിപ്രായം അറിഞ്ഞശേഷം ഹര്‍ജിയില്‍ തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ബിഷപ്പിനെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യണമോ എന്ന കാര്യം അന്വേഷണോദ്യോഗസ്ഥന് തീരുമാനിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഒരുമിനിറ്റ് മാത്രം നീണ്ട നടപടിക്രമം മാത്രമാണ് ഇന്ന് ഹൈക്കോടതിയില്‍ ഉണ്ടായത്. അറസ്റ്റ് തടയണം എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടില്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാന്‍ തടസ്സമില്ല. തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മിഷനറീസ് ഓഫ് ജീസസിലെ പടലപ്പിണക്കങ്ങളാണു പരാതിക്കു കാരണമെന്നും ബിഷപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കന്യാസ്ത്രീ പൊലീസിനു നല്‍കിയ ആദ്യ മൊഴിയില്‍ ബലം പ്രയോഗിച്ചു പീഡിപ്പിച്ചതായി ആരോപണമില്ല.

കന്യാസ്ത്രീക്കെതിരായ പരാതികളില്‍ നടപടിയെടുത്തതിലുള്ള പകപോക്കലാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍. 19നു ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എത്തുമ്പോള്‍ അറസ്റ്റ് ചെയ്തു തടങ്കലില്‍ വയ്ക്കാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായാണ് ഹര്‍ജിയെന്നും ബിഷപ്പ് പറയുന്നു.

അതേസമയം, പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബിഷപ് ഇന്നു കേരളത്തിലെത്തും. നാളെയാണ് ചോദ്യം ചെയ്യല്‍. രൂപത പിആര്‍ഒയും അടുത്ത അനുയായിയുമായ ഫാദര്‍ പീറ്റര്‍ കാവുംപുറത്തിനൊപ്പം ബിഷപ് ജലന്തറില്‍നിന്നു തിരിച്ചെന്നാണു സൂചന.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രണ്ടാം തവണയാണു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്തറിലെത്തിയാണു ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത്. ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങി.

എന്നാല്‍ ഇത്തവണ സ്ഥിതി ബിഷപ്പിന് അനുകൂലമല്ല. നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. വസ്തുതാപരമായ മറുപടിയല്ലെങ്കില്‍ ബിഷപ്പിന്റെ അറസ്റ്റിലേക്കു കാര്യങ്ങള്‍ നീങ്ങുമെന്നാണ് വിലയിരുത്തല്‍.

നല്‍കിയ മൊഴികള്‍ പരിശോധിക്കാന്‍ സമാന്തര അന്വേഷണവും നടക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും വരെ ബിഷപ്പിനു ജലന്തറിലേക്കു മടങ്ങാനാകില്ല. വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണ സംഘം ഒന്നാംഘട്ടത്തില്‍ ചോദ്യം ചെയ്യും.

ബിഷപ്പിന്റെ യാത്രാ വിവരം അറിയിക്കണമെന്നു പൊലീസ് ജലന്തര്‍ രൂപത അധികൃതരെ അറിയിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു പൊലീസ് സംരക്ഷണത്തിലോ പൊലീസ് വാഹനത്തിലോ ആയിരിക്കും ബിഷപ്പ് വൈക്കം ഡിവൈഎസ്പി ഓഫിസില്‍ എത്തുക. തുടര്‍ന്ന് ഏറ്റുമാനൂര്‍ ഹൈടെക് പൊലീസ് സറ്റേഷന്‍, കോട്ടയം പൊലീസ് ക്ലബ് എന്നിവിടങ്ങളില്‍ ചോദ്യം ചെയ്യല്‍ നടത്തും.

സുരക്ഷാ കാരണങ്ങളാല്‍ വൈക്കം ഡിവൈഎസ്പി ഓഫിസില്‍ ചോദ്യം ചെയ്യല്‍ നടക്കാനിടയില്ല. ബിഷപ്പിന്റെ സഹായികളായ ജലന്തര്‍ രൂപതയിലെ വൈദികര്‍ അടങ്ങുന്ന സംഘം ഇന്നലെ കോട്ടയത്ത് എത്തി. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമവിദഗ്ധരുമായി ഇവര്‍ ചര്‍ച്ച നടത്തി.

ഇതിനിടെ, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കന്യാസ്ത്രീകള്‍ നടത്തുന്ന സമരം 11–ാം ദിവസത്തിലേക്കു കടന്നു. കന്യാസ്ത്രീകള്‍ക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതി ജംക്ഷനില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി, സാമൂഹ്യ പ്രവര്‍ത്തകരായ പി.ഗീത, അലോഷ്യ ജോസഫ് എന്നിവരും നിരാഹാരസമരം തുടരുകയാണ്.