കന്യാസ്ത്രീയാകാന്‍ മഠത്തില്‍ ചേര്‍ന്ന കാലത്ത് പീഡനശ്രമം നേരിട്ടിട്ടുണ്ട്; ചെറുത്തത് സ്വയം പൊള്ളലേല്‍പ്പിച്ച്: ദയാബായി

single-img
18 September 2018

തിരുവനന്തപുരം: കന്യാസ്ത്രീയാകാന്‍ മഠത്തില്‍ ചേര്‍ന്ന കാലത്ത് പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതില്‍ നിന്ന് രക്ഷ നേടാന്‍ സ്വയം പൊള്ളലേല്‍പിക്കേണ്ടി വന്നിട്ടുണ്ടെന്നും സാമൂഹ്യ പ്രവര്‍ത്തക ദയാബായി. കന്യാസ്ത്രീകള്‍ മഠത്തില്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കെതിരെ ഇപ്പോഴെങ്കിലും ഒരാളെങ്കിലും പുറത്തു വന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പ്രതികരിച്ചു.

പതിനാറാമത്തെ വയസ്സിലാണ് കോട്ടയം ജില്ലയിലെ പാലാ പൂവരണി സ്വദേശിയായ മേഴ്‌സി മാത്യു കന്യാസ്ത്രീയാകാന്‍ മഠത്തില്‍ ചേരുന്നത്. മഠത്തില്‍ പോകുന്നതിനു മുന്‍പ് ഇതേപ്പറ്റി യാതൊന്നും അറിയുമായിരുന്നില്ല. മഠത്തിലെ കാലത്താണ് വളരെയധികം ബഹുമാനിച്ച ഒരു വ്യക്തിയില്‍നിന്ന് മോശം അനുഭവമുണ്ടായത്.

തനിച്ചായ സാഹചര്യത്തില്‍ വൈദികനായ ഒരാള്‍ കടന്നുപിടിച്ചു. കുതറി രക്ഷപ്പെട്ട തന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. പ്രായത്തില്‍ മുതിര്‍ന്ന അദ്ദേഹത്തില്‍നിന്ന് ഒരിക്കല്‍ പോലും അതു പ്രതീക്ഷിച്ചിരുന്നില്ലെന്നു ദയാബായി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സംഭവിച്ചതിനെക്കുറിച്ച് മഠത്തില്‍ ആരോടും ഒന്നും പറയാന്‍ കഴിയില്ലായിരുന്നു. പെട്ടെന്നുണ്ടായ സംഭവത്തില്‍ ഭയന്ന തന്റെ മാനസികാവസ്ഥ വാക്കുകളില്‍ വിവരിക്കാന്‍ സാധിക്കില്ല. ഇത്തരമൊരു സംഭവം തുടര്‍ന്നും ഉണ്ടാകുമോയെന്നായിരുന്നു പേടി. അതുണ്ടാകാതിരിക്കാന്‍ ശരീരത്തില്‍ സ്വയം പൊള്ളലേല്‍പ്പിക്കുകയെന്ന മാര്‍ഗം മാത്രമാണ് മുന്നിലുണ്ടായിരുന്നത്.

ഇതിനായി മെഴുകുതി ഉപയോഗിച്ച് ശരീരഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുമായിരുന്നു. മുറിവുകള്‍ വ്രണമാകുമ്പോഴെങ്കിലും തന്നെ വെറുതെ വിടുമല്ലോ എന്നു കരുതി. പിന്നീട് അദ്ദേഹം വിളിപ്പിച്ചാല്‍ ഒരിക്കല്‍ പോലും അങ്ങോട്ടേക്ക് പോകില്ലായിരുന്നു. മഠത്തിലെ മറ്റു കന്യാസ്ത്രീകള്‍ വഴിയാണ് വൈദികന്‍ വിളിപ്പിക്കാറുണ്ടായിരുന്നത്.

പേടിയായതിനാല്‍ ഒരിക്കല്‍ പോലും പോയില്ല. നിര്‍ബന്ധങ്ങള്‍ പ്രതിരോധിച്ചപ്പോള്‍ ചില കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മാനസികമായി പീഡിപ്പിച്ചു. തനിക്ക് ബിരുദമുള്ളതിന്റെയും ഇംഗ്ലീഷ് അറിയാവുന്നതിന്റെയും അഹങ്കാരമാണെന്നായിരുന്നു ഇതിന് അവരുടെ കണ്ടെത്തലെന്നും അവര്‍ വ്യക്തമാക്കി.

തനിക്കെതിരെയുണ്ടായ അനുഭവം പോലും വര്‍ഷങ്ങള്‍ക്കുശേഷമാണ് പുറത്തുപറയാന്‍ സാധിച്ചത്. താന്‍ രചിച്ച പുസ്തകത്തില്‍ ഇതേക്കുറിച്ച് എഴുതിയപ്പോള്‍ പരിചയമുള്ളവരെല്ലാം ചോദിച്ചു, എന്തിനാണ് ഇതു തുറന്നുപറയുന്നത്. നമ്മുടെ സംസ്‌കാരം സ്ത്രീകളെ പഠിപ്പിച്ചിരിക്കുന്നതും അതു തന്നെയല്ലേ. എന്തിനാണ് സ്വന്തം പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നതെന്ന് ദയാബായി ചോദിക്കുന്നു.

1965 ലാണ് ദയാബായി മഠം ഉപേക്ഷിക്കുന്നത്. ബിഹാറിലെ പാലമോ ജില്ലയിലെ ഗോത്രവര്‍ഗമേഖലയായ മഹോഡയിലേക്ക് പോയ അവര്‍ പിന്നെ തില്‍സേ ഗോത്രവര്‍ഗ ഗ്രാമത്തില്‍ ഗോണ്ടുകളോടൊപ്പം ജീവിച്ച് അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയായിരുന്നു.

കടപ്പാട്: മനോരമ