ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നടക്കുന്ന ഗ്രൗണ്ടില്‍ ദാവൂദ് ഇബ്രാഹിമിനെ കാത്ത് ആറ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍

single-img
18 September 2018

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ബുധനാഴ്ചയാണ് ഇന്ത്യാ പാക് മത്സരം നടക്കുന്നത്. അതീവസുരക്ഷാ സംവിധാനത്തിന് കീഴിലാകും മത്സരം നടക്കുക. മത്സരം കാണാന്‍ അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമും അനുയായികളും എത്തിയേക്കുമെന്നാണ് രഹസ്യന്വേഷണ റിപ്പോര്‍ട്ട്.

മുംബൈയിലും കറാച്ചിയിലുമുള്ള ദാവൂദിന്റെ കുടുംബാഗങ്ങള്‍ മത്സരം കാണാന്‍ ദുബായില്‍ എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ നിന്ന് ദാവൂദിന്റെ പാകിസ്താനിലെ ഒളിസങ്കേതത്തെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നത്.

ആഗോള രഹസ്യാന്വേഷണ വിഭാഗത്തിനാണ് ഇതേപ്പറ്റിയുള്ള വിവരം ആദ്യം ലഭിച്ചത്. ദാവൂദ് എത്താനുള്ള സാധ്യത കണക്കിലെടുത്ത് ലോകത്തിലെ പ്രധാനപ്പെട്ട ആറ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അതിജാഗരൂകരായി മത്സരദിനം വീക്ഷിക്കും.

ഇന്ത്യന്‍ ഏജന്‍സിക്ക് പുറമെ യുകെ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ഏജന്‍സികളാണ് ദാവൂദിനു വേണ്ടി വലവിരിക്കുന്നത്. ദാവൂദിന്റെ പാക്കിസ്ഥാനിലെ ഒളിസങ്കേതങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ തേടാനും ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ഇന്ത്യപാക് മത്സരം നടക്കുമ്പോള്‍ വാതുവയ്പ്പ് മറ്റേതു മത്സരങ്ങളേക്കാള്‍ വാശിയേറും. ക്രിക്കറ്റ് നടക്കുമ്പോള്‍ ദുബായിലും പാകിസ്ഥാനിലും ഇരുന്ന് അധോലോകത്തെ നിയന്ത്രിക്കുന്ന ദാവൂദ് ഇബ്രാഹിമിലേക്ക് തന്നെയാണ് കണ്ണികള്‍ നീളുന്നത്. കോടികളുടെ ബിസിനസ് നടക്കുന്ന സിനിമ വ്യവസായവും ക്രിക്കറ്റും ദാവൂദിന്റെ ഇഷ്ട മേഖലകളാണ്.