Kerala

‘സിപിഐ സംസ്ഥാന സെക്രട്ടറി അനുവാദം നല്‍കിയാല്‍ അഴിമതി അഴിമതി അല്ലാതാകുമോ?’: പാലക്കാട് ജില്ലാ സെക്രട്ടറിയെ വെട്ടിലാക്കി പുതിയ ആരോപണങ്ങള്‍: പാര്‍ട്ടിയില്‍ വിമത നീക്കം

പാലക്കാട് സിപിഐയില്‍ വിമത നീക്കം ശക്തം. ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച ഒരു വിഭാഗം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് വിമത നീക്കം ശക്തമായത്. പാര്‍ട്ടിയില്‍ നിന്ന് പുറത്തായ കോങ്ങാട് മണ്ഡലം സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന കെ.കെ രാജന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ് കൂടി പുറത്തുവന്നതോടെ അണികള്‍ക്കിടയിലും ജില്ലാ സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

‘സിപിഐ സംസ്ഥാന സെക്രട്ടറി അനുവാദം നല്‍കിയാല്‍ അഴിമതി അഴിമതി അല്ലാതാകുമോ?’ എന്നു ചോദിച്ചു കൊണ്ടാണ് ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജിനെതിരെ കെ.കെ രാജന്‍ മാസ്റ്റര്‍ ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. ഫ്‌ലാറ്റ് വാങ്ങിയത് അഴിമതി തന്നെയാണെന്ന് കൃത്യമായി കണക്കുകള്‍ നിരത്തി രാജന്‍ മാസ്റ്റര്‍ തെളിയിക്കുന്നുമുണ്ട്.

നേരത്തെ, ജില്ലാ ഘടകത്തില്‍ വിഭാഗീയത കടുക്കുന്നതിനിടെയാണ് ജില്ലാ സെക്രട്ടറിക്കെതിരെ അഴിമതിയാരോപണങ്ങളുമായി കെ.കെ രാജന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയത്. ഭാര്യയുടെ പേരില്‍ 50ലക്ഷം ചെലവിട്ട് പാലക്കാട് ഫ്‌ലാറ്റ് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും ഇത് വിജിലന്‍സ് അന്വേഷിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

എന്നാല്‍ ആരോപണമുന്നയിച്ച അഞ്ചുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്നുമായിരുന്നു സുരേഷ് രാജിന്റെ പ്രതികരണം. ബാങ്ക് വായ്പയുള്‍പ്പെടെ എടുത്താണ് അധ്യാപികയായ ഭാര്യ അവരുടെ പേരില്‍ ഫ്‌ലാറ്റ് വാങ്ങിയതെന്നും ഇതില്‍ ക്രമവിരുദ്ധമായൊന്നുമില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി വിശദീകരിച്ചിരുന്നു. ഇതോടെയാണ് തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണെന്ന് വ്യക്തമാക്കാന്‍ രാജന്‍ മാസ്റ്റര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

രാജന്‍ മാസ്റ്ററുടെ ഫേസ് ബുക്ക് പോസ്റ്റ്

’14/9/2018ലെ പ്രമുഖ പത്രങ്ങളില്‍ ഒരു വാര്‍ത്ത കണ്ടു. സി.പി.ഐ. ജില്ലാ സെക്രട്ടറിയുടെ ഭാര്യയുടെ പേരില്‍ വാങ്ങിയ ഫ്‌ളാറ്റിന് സംസ്ഥാന സെക്രട്ടറിയുടെ അനുവാദമുണ്ടായിരുന്നുവെന്ന്’. സംസ്ഥാന സെക്രട്ടറി അനുവാദം നല്‍കിയാല്‍ അഴിമതി അഴിമതി അല്ലാതാകുമോ? സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യ ഒരു സ്‌കൂള്‍ അധ്യാപികയാണ്.

സെക്രട്ടറി ഒരു മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനും. ഇവര്‍ 2002ല്‍ കൊടുമ്പ് പഞ്ചായത്തില്‍ കാടാങ്കോട് എന്ന സ്ഥലത്ത് 5 സെന്റ് സ്ഥലം ഭാര്യയുടെ പേരില്‍ വാങ്ങി ആ സ്ഥലത്തു ആദ്യം 1060 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു വീട് നിര്‍മ്മിച്ചു. പിന്നീടു അതു 960 സ്‌ക്വയര്‍ ഫീറ്റ് കൂടി കൂട്ടിയെടുത്തു.

2000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട്ടിലാണ് അവര്‍ താമസിക്കുന്നതു. ഇതിന്റെ നിര്‍മ്മാണ ചിലവു നമ്മള്‍ക്ക് കണക്കാക്കാം. 2009ല്‍ ഭാര്യയുടെ പേരില്‍ ഇദ്ദേഹം മറ്റൊരു സ്ഥലം വാങ്ങി. ഇതു അവരുടെ സ്വകാര്യ സമ്പാദ്യം എന്നാണ് പറയുന്നതു. അപ്പോള്‍ ആദ്യം വാങ്ങിയ സ്ഥലവും അതിലെ വീടും ആരുടെ സമ്പാദ്യം? പിന്നീടു ഇദ്ദേഹം 2015ല്‍പാലക്കാട്ടെ ഒരു സ്വകാര്യ ഫൈനാന്‍സ്യകാരന് 5 ലക്ഷം വായ്പ കൊടുത്തതു്കിട്ടിയില്ല എന്ന് പറഞ്ഞ് കേസു കൊടുത്തു.

അയാളുടെ പേരിലുള്ള സ്ഥലം സ്വന്തം പേരിലാക്കി. പാര്‍ട്ടി സെക്രട്ടറി ഫൈനാന്‍സ്യകാരന് വായ്പ കൊടുക്കുന്നതു കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആണല്ലോ? 2017ല്‍ ഇദ്ദേഹം 12 ലക്ഷം രൂപ വിലയുള്ള ഒരു കാര്‍ വാങ്ങി. കുറ്റം പറയരുല്ലോ വായ്പയെടുത്താണ് കാര്‍ വാങ്ങിയത്.

2018ല്‍ ഇദ്ദേഹം ഭാര്യയുടെ പേരില്‍ ബില്‍ ടെക് പവിലിയന്‍ എന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഒരു ഫ്‌ളാറ്റ് വെറും 50 ലക്ഷത്തിന്നു വാങ്ങി ‘. അതിന്റെ ആധാര ചിലവൊക്കെ ഇദ്ദേഹം പൊതുപ്രവര്‍ത്തകനായതു കൊണ്ട് ഒഴിവാക്കിയോ? അറിയില്ല. ആദ്യം വാങ്ങിയ സ്ഥലവും അവിടെ ഉണ്ടാക്കിയ വീടും കാറും ഫ്‌ളാറ്റും എല്ലാം വായ്പയെടുത്താണ്.

ആദര്‍ശത്തിന്റെ ആള്‍രൂപവും കമ്മ്യൂണിസ്റ്റ് മൂല്യബോധത്തിന്റെ വക്താവുമായ സംസ്ഥാന സെക്രട്ടറിയ്ക്ക് ഇതെല്ലാം ബോധ്യമായി. ഒരു ഹൈസ്‌കൂള്‍ ടീച്ചറുടെ ശമ്പളവും ഇദ്ദേഹത്തിന് പാര്‍ട്ടി നല്‍കുന്ന അലവന്‍സും കൊണ്ട് ഇതെല്ലാം തിരിച്ചടക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരെ എന്താണ് വിളിക്കേണ്ടതു.? സ്‌കൂള്‍ ടീച്ചര്‍ക്ക് KSRബാധകമാണ് ‘ വരുമാനത്തില്‍ കവിഞ്ഞ സ്വത്തുസമ്പാദനം ഒരു ക്രിമനല്‍ കുറ്റമാണ്. ആരൊക്കെ ന്യായീകരിച്ചാലും നിങ്ങള്‍ക്കെതിരെ നിയമത്തിന്റെ വഴികള്‍ ഞാന്‍ തേടും: സ:പി കൃഷ്ണപിള്ള മുതല്‍ സ: ചന്ദ്രപ്പന്‍ വരെ നയിച്ച പാര്‍ട്ടിയിലാണ് ഇതൊക്കെ നടക്കുന്നതു എന്നതാണ് കഷ്ടം. ‘