സംസ്ഥാന സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍ ഡിസംബറില്‍ തന്നെ നടക്കും

single-img
17 September 2018

സംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ നടത്താൻ തീരുമാനം. പരമാവധി ആര്‍ഭാടം ഒഴിവാക്കി കലോത്സവം നടത്താന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും, ശാസ്ത്രോത്സവം നവംബറില്‍ കണ്ണൂരിലും നടക്കും.

എല്ലാ മേളകള്‍ക്കും ഉദ്ഘാടന- സമാപന സമ്മേളനങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, കായിക, കലാ മേളകള്‍ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു.

ആര്‍ഭാടങ്ങള്‍ ഒഴിവാക്കുമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അവര്‍ക്ക് തങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവസരവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്.

സ്‌കൂള്‍, സര്‍വകലാശാലാ കലോത്സവങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള, വിനോദസഞ്ചാര വകുപ്പിന്റേതടക്കം എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും. ഈ മേളകള്‍ക്കായി നിശ്ചയിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നായിരുന്നു തീരുമാനം. ആഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നതിനെതിരേ മന്ത്രിമാരുടെ ഇടയില്‍ത്തന്നെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കലോത്സവം നടത്താന്‍ തീരുമാനിച്ചത്.