നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ള; ബാങ്കുകള്‍ ജപ്തി നടത്തും പോലെയല്ല ശമ്പളം പിടിക്കേണ്ടത്; സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി

single-img
17 September 2018

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

ഇത് നിര്‍ബന്ധപൂര്‍വമായ പിരിവാണെന്ന് കാണിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്. പ്രളയത്തിന് കൈത്താങ്ങേകാന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി സഹായിക്കാനാണ് മുഖ്യമന്ത്രി പോലും ആഹ്വാനം ചെയ്തത്. നിര്‍ബന്ധിത പണപ്പിരിവിന് അദ്ദേഹം അഹ്വാനം നല്‍കിയിട്ടില്ല.

ഈ സാഹചര്യത്തില്‍ നിര്‍ബന്ധമായും പണം നല്‍കണമെന്ന ദേവസ്വം ബോര്‍ഡിന്‍റെ ഉത്തരവ് കൊള്ളയായി കണക്കാക്കണമെന്നാണ് കോടതി പരാമര്‍ശിച്ചത്. കോടതി പരാമര്‍ശം വന്നതോടെ തീരുമാനം പുനപരിശോധിക്കാമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

മുന്‍പ് മലബാര്‍ ദേവസ്വം ബോര്‍ഡും സമാനരീതിയില്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഹര്‍ജി നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നുവെന്ന ജീവനക്കാരുടെ ആക്ഷേപം ഉയരുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.