മലപ്പുറത്ത് ചേലാകര്‍മത്തിനിടെ കുട്ടിയുടെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്; കെവിഎം ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവ്

single-img
15 September 2018

എരമംഗലം: ചേലാകര്‍മം നടത്തുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് മുറിവുപറ്റിയ സംഭവത്തില്‍ പെരുമ്പടപ്പ് പാറയിലെ കെവിഎം ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്. വെള്ളിയാഴ്ച മെഡിക്കല്‍സംഘം ആശുപത്രിയില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഉത്തരവ്.

ആശുപത്രിയുടെ പ്രവർത്തനം അപകടകരവും പൊതുജനങ്ങൾക്കും രോഗികൾക്കും ആരോഗ്യത്തിന് ഹാനികരമാവുന്ന വിധത്തിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് 24 മണിക്കൂറിനകം ആശുപത്രി അടച്ചുപൂട്ടണമെന്ന ഉത്തരവ് മെഡിക്കൽസംഘം ആശുപത്രി അധികൃതർക്ക് നൽകിയത്.

ഏപ്രില്‍ 18-നാണ് മാറഞ്ചേരി സ്വദേശികളായ നൗഷാദ്-ജമീല ദമ്പതിമാരുടെ 28 ദിവസം പ്രായമായ കുഞ്ഞിന്‍റെ ചേലാകര്‍മം ഈ ആശുപത്രിയില്‍ നടത്തിയത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് ആഴത്തില്‍ മുറിവു പറ്റി മൂത്രമൊഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ടായി. ചങ്ങരംകുളം, തൃശ്ശൂര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടി മൂത്രം പോകാന്‍ അടിവയറ്റില്‍ ദ്വാരമിട്ടു. ജമീല കെവിഎം ആശുപത്രിക്കെതിരേ പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നിസ്സാരവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പിന്നീട്‌ കുടുംബം മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയും തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇടപെടുകയുമായിരുന്നു.