വൈഎസ്ആര്‍ ആയി മമ്മൂട്ടി എത്തുന്ന ചരിത്ര സിനിമ ‘യാത്ര’യുടെ റിലീസ് തീയതി പുറത്തുവിട്ടു

single-img
14 September 2018

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും ചരിത്രനായകനുമായ വൈഎസ്ആര്‍ആയി മമ്മൂട്ടിയെത്തുന്ന ചിത്രം ‘യാത്ര’യുടെ പുതിയ പോസ്റ്ററിനൊപ്പം റിലീസ് തീയതിയും പുറത്തുവിട്ടു. ജനുവരിയില്‍ നിന്ന് ഡിസംബര്‍ 21 ലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റിയിട്ടുണ്ട്.

വൈഎസ് ആറിന്റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ഡിസംബര്‍ 21 ആയതിനാലാണ് ഈ ദിവസം റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ജഗന്‍മോഹന്‍ റെഡ്ഡിയായി കാര്‍ത്തിയാണ് വേഷമിടുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

പോസ്റ്ററിനും ടീസറിനും ഗാനത്തിനുമെല്ലാം മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് 30 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്.

2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.