ആഢംബര ഫ്‌ലാറ്റില്‍ ബിസിനസുകാരനെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തി; ‘ദുഷ്ടശക്തികളുടെ സ്വാധീനത്താലാണ്’ ജീവനൊടുക്കുന്നതെന്നു ആത്മഹത്യാക്കുറിപ്പ്

single-img
13 September 2018

ഗുജറാത്തിലെ അഹമ്മദാബാദില്‍ ആഢംബര ഫ്‌ലാറ്റില്‍ ബിസിനസുകാരനെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തി. കുനാല്‍ ത്രിവേദി (45), ഭാര്യ കവിത (45), മകള്‍ ഷ്രീന്‍ (16) എന്നിവരാണു മരിച്ചത്. ‘ദുഷ്ടശക്തികളുടെ സ്വാധീനത്താലാണ്’ ജീവനൊടുക്കുന്നതെന്നു ഫ്‌ലാറ്റില്‍നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

കുനാല്‍ തൂങ്ങിമരിച്ച നിലയിലും കവിതയുടെയും ശ്രീന്റെയും ശരീരങ്ങള്‍ കിടപ്പുമുറിയിലുമായിരുന്നു ഉണ്ടായിരുന്നത്. കുനാലിന്റെ അമ്മ ജയശ്രീബന്നിനെ (75) വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ബന്ധുക്കള്‍ നല്‍കിയ വിവരമനുസരിച്ച് വീട്ടിലെത്തിയ പോലീസ് വാതില്‍ പൊളിച്ച് ഉള്ളില്‍ പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

പരിശോധന നടത്തിയ പോലീസിന് വീട്ടില്‍നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിലാണ് ഇവരുടെ മരണത്തില്‍ കറുത്ത ശക്തികളെ പഴിക്കുന്ന കുറിപ്പ് കണ്ടെത്തിയത്. അമ്മ ജയശ്രീ ബെന്നിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആത്മഹത്യാ കുറിപ്പ്. തന്റെയും കുടുംബത്തിന്റെയും മരണത്തിനു കാരണം കറുത്ത ശക്തികളാണെന്നാണ് കത്തില്‍ ആരോപിക്കുന്നത്.

എല്ലാവരും തന്നെ മദ്യപാനി എന്നാണ് വിളിക്കുന്നത്. എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല മദ്യപിക്കുന്നത്, എന്റെ ദൗര്‍ബല്യത്തെ കറുത്ത ശക്തികള്‍ ഉപയോഗപ്പെടുത്തുകയാണ്. അമ്മ എന്നെ മനസ്സിലാക്കിയില്ല. ആ കറുത്ത ശക്തികളെക്കുറിച്ച് ഞാന്‍ പല തവണ അമ്മയോട് പറഞ്ഞു.

എന്നാല്‍ അമ്മ എന്നെ വിശ്വസിക്കാന്‍ തയ്യാറായില്ല. ഞാന്‍ പറയുന്നത് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്റെ ജീവിതം ഇന്ന് മറ്റൊന്നാകുമായിരുന്നു കുനാലിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക പ്രയാസമോ കടങ്ങളോ ഉള്ളതായി കത്തില്‍ സൂചനയില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.

മന്ത്രവാദം പോലുള്ള സംഗതികള്‍ നടന്നതായും സൂചനകളില്ല. ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം കുനാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് നരോദ പോലീസ് ഇന്‍സ്‌പെക്ടര്‍ എച്ച് ബി വഗേല പറഞ്ഞു.