പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂത്ത നീലക്കുറിഞ്ഞിയെ ചൊല്ലി പുതിയ വിവാദം: സ്ത്രീകള്‍ വ്രതശുദ്ധിയോടെ മാത്രമേ പൂക്കളെ സ്പര്‍ശിക്കാവൂ എന്നു വാദം

single-img
13 September 2018

അതിരുകളേതുമില്ലാതെ കോടമഞ്ഞ്. അതിനുകീഴെ കണ്ണെത്താ ദൂരത്തോളം നീലവര്‍ണത്തില്‍ നീരാടിനില്‍ക്കുന്ന മലനിരകള്‍. പുലര്‍മഞ്ഞില്‍ തിളങ്ങുന്ന മൂന്നാര്‍ വിളിക്കുന്നത് പ്രകൃതിയുടെ വസന്തോത്സവമായ കുറിഞ്ഞിപ്പൂക്കാലത്തിലേക്ക്. ഇനിയങ്ങോട്ട് മൂന്നു മാസക്കാലം മൂന്നാറിലേക്ക് വണ്ടി കയറുന്ന ഓരോ മനസ്സുകളിലും തെളിയുന്നത് ഈയൊരു ദൃശ്യമാകും.

ഇന്റര്‍നെറ്റ് വ്യാപകമായതിനു ശേഷം, സോഷ്യല്‍ മീഡിയ വന്നതിനു ശേഷം, മൊബൈല്‍ ഫോണും സെല്‍ഫിയുമെല്ലാം സജീവമായതിനു ശേഷമുള്ള കുറിഞ്ഞിക്കാലമാണ് ഇത്തവണത്തേത് എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പതിന്‍മടങ്ങ് സഞ്ചാരികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

പക്ഷേ, ഇതിനിടയിലാണ് നീലകുറിഞ്ഞിയെ ചൊല്ലി പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുന്നാറില്‍ പൂത്ത നീലക്കുറിഞ്ഞിയെ ദൈവിക പരിവേഷത്തിലേക്കാണ് ചിലര്‍ എത്തിച്ചിരിക്കുന്നത്. സ്ത്രീകള്‍ വ്രതശുദ്ധിയോടെ മാത്രമേ നീലക്കുറിഞ്ഞി പൂക്കളെ സ്പര്‍ശിക്കാവു എന്ന് സാഹിത്യകാരനായ ഏഴാച്ചേരി രാമചന്ദ്രന്‍ ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

പരമശിവന്റെ രണ്ടാമത്തെ മകനായ സുബ്രഹ്മണ്യന്‍ എന്നറിയപ്പെടുന്ന മുരുകന്‍ ആദിവാസി ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ട വള്ളിയെ പ്രണയിച്ച് വിവാഹം കഴിക്കുന്ന അവസരത്തില്‍ കഴുത്തില്‍ അണിഞ്ഞിരുന്നത് നീലക്കുറിഞ്ഞി പൂക്കള്‍ കൊണ്ടുള്ള മാലയാണെന്നാണ് ഐതിഹ്യം പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് നീലക്കുറിഞ്ഞി പൂത്താല്‍ നമ്മുടെ സ്ത്രീകള്‍, ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെ വ്രതശുദ്ധിയോടെ മാത്രമേ പൂക്കളെ സ്പര്‍ശിക്കുകയുള്ളുവെന്നും ഏഴാച്ചേരി രാമചന്ദ്രന്‍ പറയുന്നു.

അതേസമയം നല്ല കാലത്തിന്റെ അടയാളമായ കുറിഞ്ഞിക്കാലം ആദിവാസിജീവിതത്തിന്റെ ഭാഗമാണെന്ന് മുതുവാന്‍ വിഭാഗത്തില്‍ പെട്ട മുത്തുരാജ് പറയുന്നു. ‘ഞങ്ങളുടെ കാരണവന്‍മാരുടെ കാലത്ത് ആള്‍ക്കാരുടെ പ്രായം കണക്കു കൂട്ടിയിരുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിനനുസരിച്ചാണ്. ഒരാള്‍ എത്ര വര്‍ഷം ജീവിക്കുന്നു എന്നല്ല, എത്ര കുറിഞ്ഞിക്കാലം ജീവിച്ചു എന്നതാണ് അന്നത്തെ കണക്ക്. ‘നാലു കുറിഞ്ഞിക്കാലം കണ്ടെ’ന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം അയാള്‍ക്ക് 48 വയസ്സുണ്ടെന്നാണ്.

രാജമലയിലും പരിസരത്തും ജീവിക്കുന്ന ആദിവാസികള്‍ ദിവ്യപുഷ്പമായിട്ടാണ് നീലക്കുറിഞ്ഞിയെ കാണുന്നത്. മലദൈവമായ മുരുകന്റെ അനുഗ്രഹമാണ് അവര്‍ക്കീ പുഷ്‌പോത്സവം. രാജമലയും പരിസരവും പൂക്കളാല്‍ നിറയുമ്പോള്‍ അവര്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടത്താറുണ്ട്.

മൂന്നു മാസത്തോളം നീളുന്ന പൂക്കാലം കഴിഞ്ഞാല്‍ പൂക്കള്‍ കൊഴിഞ്ഞ്, ചെടികള്‍ ഉണങ്ങിപ്പോകുന്നതോടൊപ്പം ഐശ്വര്യമാണ് മറയുന്നത്. രാജമലയാകമാനം നീലപ്പീലി വിടര്‍ത്തുന്ന നേരത്ത് മലയില്‍നിന്നെടുക്കുന്ന തേനിനും പ്രത്യേകതകളുണ്ട്. കുറിഞ്ഞിയില്‍നിന്ന് പൂന്തേന്‍ ഉണ്ണുന്ന തേനീച്ചകള്‍ സമ്മാനിക്കുന്ന കുറിഞ്ഞിത്തേനിന് നീല നിറമാണ്.

നീലക്കുറിഞ്ഞി പൂക്കളുടെ ശരാശരി ആയുസ്സ് 45 ദിവസം മാത്രമാണ്. അക്കാലമത്രയും പൂമ്പാറ്റകള്‍ക്കും തേനീച്ചകള്‍ക്കും മധുരമൂട്ടി, പൂക്കള്‍ പതിയെ കൊഴിഞ്ഞു വീഴും. പൂക്കാലം അവസാനിച്ചാലുടന്‍ കുറിഞ്ഞിചെടികള്‍ കരിഞ്ഞുണങ്ങും. ഉണങ്ങിവീഴുന്ന വിത്തുകള്‍ കിളികള്‍ക്കും കാട്ടുകോഴിക്കും ഭക്ഷണമാണ്.

പിന്നീട്, പന്ത്രണ്ടു വര്‍ഷം നീളുന്ന തപസ്സിലാണ് കുറിഞ്ഞി. ഒരു വ്യാഴവട്ടം കടന്ന് ശലഭങ്ങളെയും തേന്‍വണ്ടുകളെയും ഒപ്പം സഞ്ചാരികളെയും തന്നിലേക്ക് ആകര്‍ഷിക്കാന്‍ ശക്തിക്കായുള്ള ഘോരതപസ്സ്. ആ കാത്തിരിപ്പിനൊടുവിലാണ് വീണ്ടും പച്ചിലകളില്‍ വിതറിയ ഇന്ദ്രനീലക്കല്ലുകള്‍ പോലെ വിസ്മയപ്പൂക്കാലം വരവാകുന്നത്.

മൂന്നാറിനെ ഇന്നുള്ള അവസ്ഥയില്‍ പ്രശസ്തമാക്കിയത് മലമുകളില്‍ മൊട്ടിടുന്ന നീലപ്പൂക്കളാണ്. പശ്ചിമഘട്ട മലനിരകളില്‍ 1838 മുതല്‍ക്കേ നീലക്കുറിഞ്ഞിയുടെ പുഷ്പകാലം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആ ഖ്യാതി പുറംലോകത്തേക്ക് എത്താന്‍ ഒന്നര നൂറ്റാണ്ട് വേണ്ടി വന്നു.

അന്നു മുതലിങ്ങോട്ട് കിഴക്കിന്റെ കാശ്മീരായി സ്ഥാനക്കയറ്റം നേടി ഇവിടം വളരാന്‍ തുടങ്ങി. വീതിയേറി വളര്‍ന്ന റോഡുകളും നക്ഷത്രമുദ്ര ചാര്‍ത്തിയ ഹോട്ടലുകളുമായി. വീണ്ടും 12 വര്‍ഷങ്ങള്‍ക്കു ശേഷം 2006ല്‍ മലനിരകള്‍ നീലക്കുപ്പായം അണിഞ്ഞപ്പോള്‍ ലോകത്തെമ്പാടുനിന്നും ലക്ഷക്കണക്കിനാളുകള്‍ വിരുന്നെത്തി. മൂന്നാറിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തിരക്കനുഭവപ്പെട്ട സമയം. പ്രകൃതി ഒരുക്കിയ പുഷ്‌പോത്സവം നാടിന്റെ ഉത്സവമായി മാറി.