മോദി സര്‍ക്കാരിന്റെ നുണക്കഥകള്‍ പൊളിഞ്ഞു: വിജയ് മല്യ പൊട്ടിച്ച ‘വിവാദബോംബ്’ മോദി സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്നു: ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

single-img
13 September 2018

ന്യൂഡല്‍ഹി: രാജ്യം വിടുംമുമ്പ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിജയ്മല്യയുടെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിജയ് മല്യ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.

വിഷയത്തില്‍ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വഷണം പ്രഖ്യാപിക്കണം. മന്ത്രി പദം ഒഴിഞ്ഞുകൊണ്ട് അരുണ്‍ ജെയ്റ്റ്‌ലി അന്വേഷണം നേരിടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. വിജയ്മല്യയുടെ വെളിപ്പെടുത്തിലിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി.

മല്യയെ രാജ്യം വിടുന്നതിന് അനുവദിച്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് അരുണ്‍ ജെയ്റ്റ്‌ലിയും മല്യയും ചര്‍ച്ച നടത്തിയത് തനിക്കറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം നരേന്ദ്രമോദി സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന വിവാദബോംബാണ് വിജയ് മല്യ ഇന്നലെ ലണ്ടനില്‍ പൊട്ടിച്ചത്. ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്ക് ബിജെപിയുമായും കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ടെന്ന ആരോപണം പ്രതിപക്ഷ കക്ഷികള്‍ നിരന്തരം ഉയര്‍ത്തുന്ന ഘട്ടത്തിലാണ് അവര്‍ക്ക് വെടിക്കോപ്പു പകരുന്ന മല്യയുടെ വെളിപ്പെടുത്തല്‍– ‘ഇന്ത്യ വിടും മുന്‍പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നു. ചര്‍ച്ച നടത്തിയിരുന്നു.’

കേന്ദ്രസര്‍ക്കാരില്‍നിന്ന് ആരോ മല്യയെ സഹായിച്ചു എന്ന നേരത്തെതന്നെയുള്ള ആരോപണത്തിനു ബലം നല്‍കുന്നതാണ് ഈ വെളിപ്പെടുത്തല്‍. 2016 ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് മല്യ ജനീവ വഴി ലണ്ടനിലേക്ക് പോകുന്നതിനു മുന്‍പു തന്നെ മോദി സര്‍ക്കാരിന് അദ്ദേഹത്തിന്റെ ബാങ്ക് തട്ടിപ്പുകളുടെ പൂര്‍ണവിവരം അറിയാമായിരുന്നു എന്നു കൂടിയാണ് കഴിഞ്ഞദിവസങ്ങളില്‍ വ്യക്തമായത്.

ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ അറിയിച്ചിരുന്നു എന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞത് ഇതിനോട് ചേര്‍ത്തു വായിക്കണം. താന്‍ അറിയിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്നു കൂടി രാജന്‍ പറഞ്ഞിട്ടുണ്ട്.

അതായത്, ലളിത് മോദി, നിരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്‌സി, വിക്രം കൊത്താരി, ജതിന്‍ മേത്ത, സഞ്ജയ് ഭണ്ഡാരി എന്നിങ്ങനെ ഒരുപാടു നീളമുള്ളതാണ് ഈ പട്ടിക. അതേസമയം അരുണ്‍ ജയ്റ്റ്‌ലി പറയുന്നത് മല്യയെ ഒരു നിമിഷത്തേക്കു കണ്ടതേയുള്ളൂ എന്നാണ്. എന്നാല്‍ മല്യ പറയുന്നത് അങ്ങിനെയല്ല. തന്റെ വായ്പകളിന്മേല്‍ തീര്‍പ്പുണ്ടാക്കാന്‍ തയ്യാറായിരുന്നു എന്നാണ് മല്യ പറയുന്നത്. ജയ്റ്റ്‌ലിക്ക് ധനമന്ത്രി എന്ന നിലയില്‍ ബാങ്കുകളെ സഹായിക്കുന്ന നിലപാട് എടുക്കാമായിരുന്നു. എന്നാല്‍ ജയ്റ്റ്‌ലി അതിനു തുനിഞ്ഞില്ല.

രഘുറാം രാജന്‍ പറയുന്നതു ശരിയാണെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ലഭിച്ച വിവരങ്ങളിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല. ഈ വ്യവസായികളെല്ലാം പുറത്തേക്കു പോകുമ്പോള്‍ തടയാന്‍ ഒരു ശ്രമവും നടത്തിയതുമില്ല. ഒന്നുകില്‍ രഘുറാം രാജന്‍ പറയുന്നത് ശരിയല്ല, അല്ലെങ്കില്‍ മല്യ പറയുന്നതു ശരിയല്ല, അതുമല്ലെങ്കില്‍ ജയ്റ്റ്‌ലി പറയുന്നത് ശരിയല്ല, ഇതിനിടയില്‍ പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ ഒന്നും പറയുന്നുമില്ല.