2019 ലും ബി.ജെ.പി തരംഗം ആഞ്ഞടിക്കും; പറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുന്നുവെന്ന് മോദി

single-img
13 September 2018

ന്യൂഡല്‍ഹി: ഭരിക്കാന്‍ മാത്രമല്ല പ്രതിപക്ഷമെന്ന നിലയിലും കോണ്‍ഗ്രസ് പൂര്‍ണപരാജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019ലും ശക്തമായ ബി.ജെ.പി തരംഗം രാജ്യത്ത് ആഞ്ഞടിക്കും. എന്‍.ഡി.എയ്ക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും മോദി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഞ്ച് ലോക്‌സഭാമണ്ഡലത്തിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുകയാണ്.

ഓരോ ദിവസവും പ്രതിപക്ഷം പുതിയ കള്ളങ്ങളുമായി രംഗത്തുവരുകയാണ്. മികച്ച ഭരണം കാഴ്ചവെക്കാന്‍ കഴിയാതെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം ജനം അവരെ 2014 ലില്‍ തൂത്തെറിഞ്ഞു. പ്രതിപക്ഷത്തായിട്ടും പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിലും അവര്‍ പരാജയപ്പെട്ടെന്നും മോദി കുറ്റപ്പെടുത്തി.

താഴേക്കിടയിലുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരോട് സഹതാപമുണ്ട്. ഒരു കുടുംബത്തിനായി പണിയെടുക്കുക എന്നതാണ് അവരുടെ ബുദ്ധിമുട്ടെന്നും മോദി പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നത് കേവലമൊരു മുദ്രാവാക്യം മാത്രമല്ല അതൊരു ഊര്‍ജമാണെന്നും അദ്ദേഹം പറഞ്ഞു

മഹാസഖ്യമെന്നത് സര്‍ക്കാരിനെതിരെയുള്ള ചില അവസരവാദികളുടെ കൂട്ടുകെട്ടാണെന്നും മോദി വിമര്‍ശിച്ചു. മോദി വിരോധം പറഞ്ഞ് രാജ്യത്തിന്റെ സുരക്ഷാ സേനയെ പ്രതിപക്ഷം അപമാനിക്കാന്‍ ശ്രമിക്കുന്നെന്നും മോദി കുറ്റപ്പെടുത്തി.