200 രൂപ കടം വാങ്ങി ലോട്ടറിയെടുത്തു; സമ്മാനമായി കിട്ടിയത് ഒന്നരക്കോടി

single-img
13 September 2018

ഇഷ്ടികച്ചൂളയില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന മനോജ് കുമാറും ഭാര്യയും 200 രൂപ കടം വാങ്ങി അതുകൊണ്ട് ലോട്ടറി എടുക്കുമ്പോള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല തങ്ങള്‍ക്ക് ഇത്രയും വലിയ ഭാഗ്യം കൈവരുമെന്ന്. പഞ്ചാബ് സര്‍ക്കാരിന്റെ രാഖി ബമ്പര്‍ ലോട്ടറിയുടെ 1.5 കോടിയാണ് മനോജിന് അടിച്ചത്.

ജീവിതത്തില്‍ ആദ്യമായാണ് മനോജ് ലോട്ടറി എടുക്കുന്നത്. അയല്‍ക്കാരന്റെ കൈയില്‍ നിന്ന് കടംവാങ്ങിയ 200 രൂപയ്ക്ക് എടുത്ത ലോട്ടറി അടിച്ചതോടെ കൂലിപ്പണിക്കാരായ സാധുകുടുംബം അങ്ങനെ കോടീശ്വരരായി. പത്താം ക്ലാസോടെ പഠനം നിര്‍ത്തി ജോലി അന്വേഷിക്കുന്ന മൂത്ത മൂന്ന് പെണ്‍മക്കളോടും പഠനം പുനരാരംഭിക്കാന്‍ മനോജ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ആഗ്രഹമായി കൊണ്ടുനടന്ന പോലീസ് ഉദ്യോഗമാണ് അവരുടെ ലക്ഷ്യം. മനോജിന്റെ പിതാവ് അടുത്തിടെയാണ് ആസ്ത്മ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മരിച്ചത്. പിതാവിന്റെ ചികിത്സയ്ക്കായി സ്വരുക്കൂട്ടിയതും സമ്പാദ്യവുമെല്ലാം ചിലവഴിക്കേണ്ടി വന്നു.

പിതാവ് മരിക്കും മുമ്പ് ഈ ലോട്ടറി അടിച്ചിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന ചിന്തയും അദ്ദേഹം പങ്കുവെക്കുന്നു. ഒരു ഇഷ്ടികയുണ്ടാക്കിയാല്‍ 50 പൈസയാണ് കൂലി. അങ്ങനെ ദിവസേന 250 രൂപയ്ക്ക് പണിയും. ആ ജീവിതം ഒരു നിമിഷം കൊണ്ട് മാറി.