കര്‍ണാടകയില്‍ കോണ്‍ഗ്രസ് ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം: 16 കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ 100 കോടിയിലേറെ രൂപ വാഗ്ദാനം ചെയ്തു

single-img
13 September 2018

കര്‍ണാടകയില്‍ കോണ്‍ഗ്രസ്–ദള്‍ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറാന്‍ വീണ്ടുമൊരു ‘ഓപ്പറേഷന്‍ താമര’യ്ക്കു ശ്രമം തുടങ്ങി ബിജെപി. 16 കോണ്‍ഗ്രസ് എംഎല്‍എമാരെയെങ്കിലും കൂറുമാറ്റാന്‍ ശ്രമം ഊര്‍ജിതമാണെന്നാണു സൂചന.

കോണ്‍ഗ്രസ്–ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഹായിച്ചാല്‍ മുനിസിപ്പല്‍ ഭരണമന്ത്രി രമേഷ് ജാര്‍ക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമാണു ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു കൂടി മന്ത്രിസ്ഥാനം നല്‍കാമെന്നാണു പറഞ്ഞിട്ടുള്ളത്. ബാക്കി നേതാക്കള്‍ക്ക് ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ചെലവും 100 കോടിയിലേറെ രൂപയുമാണു വാഗ്ദാനമെന്നാണു വിവരം. 16 കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റാനായാല്‍ കര്‍ണാടക നിയമസഭയിലെ 222 എംഎല്‍എമാരുടെ അംഗബലം 206 ആയി കുറയും.

ഈ സാഹചര്യത്തില്‍ കേവലഭൂരിപക്ഷം 104 ആകും. നിലവില്‍ 104 എംഎല്‍എമാരുള്ള ബിജെപിക്ക് ഇതോടെ അധികാരത്തിലേറാനുള്ള വഴിതെളിയും. സഖ്യസര്‍ക്കാരിനു പിന്തുണ നല്‍കുന്ന സഭയിലെ ഏക സ്വതന്ത്രനെ വലയിലാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ഇതിനിടെ, മന്ത്രി രമേഷ് ജാര്‍ക്കിഹോളിയെയും സഹോദരന്‍ സതീഷ് ജാര്‍ക്കിഹോളി എംഎല്‍എയെയും ഫോണില്‍ വിളിച്ച കോണ്‍ഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യ, ധൃതിയില്‍ തീരുമാനം എടുക്കരുതെന്നു നിര്‍ദേശിച്ചു. സിദ്ധരാമയ്യ യൂറോപ്പിലാണിപ്പോള്‍. സര്‍ക്കാരില്‍ സമ്മര്‍ദമേറ്റുക വഴി, മന്ത്രിസഭാ വികസനത്തില്‍ മികച്ച സ്ഥാനം ഉറപ്പിക്കുകയാണു ജാര്‍ക്കിഹോളി സഹോദരന്മാരുടെ ലക്ഷ്യം.

അതിനിടെ കര്‍ണാടക സര്‍ക്കാരിന് പിന്തുണ നല്‍കുന്ന എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പാടെതള്ളി കോണ്‍ഗ്രസ്. പാര്‍ട്ടിയോ മുന്നണിയോ വിട്ട് എതിര്‍പാളയത്തിലേക്ക് പോകുമെന്ന് പറയപ്പെടുന്ന എല്ലാ എംഎല്‍എമാരുമായും തങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരെല്ലാം സര്‍ക്കാരിന്റെ ഭരണത്തിലും മുന്നണി സംവിധാനത്തിലും സംതൃപ്തരാണെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

കോണ്‍ഗ്രസ് ജനതാദള്‍ മുന്നണി സംവിധാനത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളാണ് ബിജെപിയും അവരോട് അടുത്ത കേന്ദ്രങ്ങളും നടത്തുന്നതെന്നും എന്നാല്‍ ബിജെപി പാളയത്തില്‍ നിന്ന് എട്ടോളം എംഎല്‍എമാര്‍ തങ്ങളുടെ സഖ്യത്തിനൊപ്പം ചേരാന്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ കോണ്‍ഗ്രസ് അത്തരം ശ്രമങ്ങള്‍ നടത്തില്ലെന്നും അത് രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേര്‍ന്നതല്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ടെന്നും റാവു വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളുമായി ഇക്കൂട്ടര്‍ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് നിശബ്ദരായി തുടരാനാവില്ലെന്നും റാവു കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ആഭ്യന്തരമന്ത്രി ജി.പരമേശ്വയും റാവുവിന്റെ വാക്കുകള്‍ ആവര്‍ത്തിച്ച് രംഗത്തെത്തി. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണമാണ് കോണ്‍ഗ്രസ്ജനതാദള്‍ സഖ്യം കാഴ്ച വയ്ക്കുന്നതെന്നും അതിനാല്‍ തന്നെ ഭരണത്തെ അസ്ഥിരപ്പെടുത്താമെന്നുള്ളത് ചിലരുടെ സ്വപ്നം മാത്രമാണെന്നും പരമേശ്വര പറഞ്ഞു.