ഇന്ത്യ വിടുംമുമ്പ് ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന് മല്യ; മോഡി സർക്കാർ പ്രതിരോധത്തില്‍

single-img
13 September 2018

രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ വ്യവസായി വിജയ് മല്യ പോകുന്നതിന് മുമ്പ് ധനമന്ത്രിയെ കണ്ടിരുന്നതായി വെളിപ്പെടുത്തല്‍. രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി ചര്‍ച്ച നടത്തിയിരുന്നതായി മല്യ ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു‍.

”ജെനീവയില്‍ എനിക്ക് മുന്‍കൂട്ടി നിശ്ചയിച്ച ഒരു മീറ്റിംങ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ രാജ്യംവിട്ടത്. പോകുന്നതിന് മുമ്പ് ഞാന്‍ ധനമന്ത്രിയെ കണ്ടിരുന്നു. ബാങ്കുകളുമായുള്ള ഇടപാടുകള്‍ പരിഹരിക്കുന്നതിനായി ഞാന്‍ ചില ഓഫറുകള്‍ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു.” മല്യ പറഞ്ഞു.

ജയ്റ്റ്ലിയുമായി മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള കൂടിക്കാഴ്ചയാണ് നടന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തലായിരുന്നു ലക്ഷ്യം. വിഷയത്തില്‍ താന്‍ മുന്നോട്ട് വച്ച പരിഹാര നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ തള്ളുകയാണുണ്ടായത് എന്നും മല്യ പറ‍ഞ്ഞു.

അതേസമയം മല്യയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു. ഇതുസംബന്ധിച്ച വിശദീകരണക്കുറിപ്പും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

‘മല്യയുടെ പ്രസ്താവന വസ്തുതാപരമായി ശരിയല്ല. 2014 മുതല്‍ ഒരിക്കല്‍ പോലും മല്യക്ക് താനുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ മല്യയുമായി കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യം ഉദിക്കുന്നില്ല. രാജ്യസഭാംഗമായിരുന്ന സമയത്ത് മല്യ ഇടയ്ക്കിടെ സഭയില്‍ വരുമായിരുന്നു. അങ്ങനെ ഒരു ദിവസം ഞാന്‍ സഭയില്‍നിന്ന് മുറിയിലേക്ക് മടങ്ങും വഴി അടുത്തെത്തി.

ബാങ്കുകളുമായി ധാരണയിലെത്താന്‍ തയ്യാറെണെന്നു പറഞ്ഞു. എന്നാല്‍ ആ സംഭാഷണം മുന്നോട്ടു കൊണ്ടുപോകാന്‍ അനുവദിച്ചില്ല. എന്നോടു സംസാരിച്ചിട്ട് കാര്യമില്ലെന്നും ബാങ്കുകളുമായാണ് ധാരണയിലെത്തേണ്ടതെന്നും പറഞ്ഞു’. മല്യയുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ വാങ്ങാന്‍ തയ്യാറായില്ലെന്നും ജെയ്റ്റ്‌ലി വിശദീകരണക്കുറിപ്പില്‍ പറയുന്നു.”