സാലറി ചാലഞ്ചിനെതിരെ വാട്‌സാപ് സന്ദേശം; ഭരണപക്ഷ സംഘടനാ നേതാവിനെ സ്ഥലംമാറ്റി

single-img
13 September 2018

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനുള്ള സാലറി ചലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ധനകാര്യ വിഭാഗം സെക്ഷന്‍ ഓഫീസര്‍ അനില്‍ രാജിനെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലാക്കാണ് സ്ഥലം മാറ്റിയത്.

ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാകില്ലെന്നും, സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയുടെ ശമ്പളം നല്‍കാം രണ്ട് പേരുടെയും കൂടി പറ്റില്ലെന്ന് ഇയാള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ രാജിനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കിയത്. സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ അംഗമാണ് അനില്‍ രാജ്.

ഇന്നലെ രാവിലെ ധനവകുപ്പ് ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പായ ‘ഫിനാന്‍സ് ഫ്രന്‍സി’ല്‍ അനില്‍രാജ് പോസ്റ്റ് ചെയ്ത സന്ദേശം ഇതായിരുന്നു ”മാസശമ്പള ചാലഞ്ചിനു പിന്തുണ. നല്‍കാന്‍ കഴിവുള്ളവര്‍ തീര്‍ച്ചയായും നല്‍കണം. അത്തരക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. ശമ്പളം നല്‍കാന്‍ കഴിവില്ലാത്തവരുമുണ്ട്.

അവരും സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. അവരെ പുച്ഛിക്കരുത്. കളിയാക്കരുത്. കാരണം, പ്രളയദുരത്തില്‍പ്പെട്ടവര്‍ക്കു നേരേ ഏതെങ്കിലും രീതിയില്‍ സഹായഹസ്തം നീട്ടാത്തവര്‍ കുറവാണ്. ഓര്‍ക്കുക, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച്, സഹകരണമാണ്.”

ഈ സന്ദേശത്തോട് അനൂകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ മറുപടികള്‍ ഗ്രൂപ്പിലെത്തിയതോടെ അനില്‍രാജ് തന്റെ നിസഹായതയും നിലപാടും വ്യക്തമാക്കി മറ്റൊരു സന്ദേശമിട്ടു. ”32 ദിവസത്തെ ശമ്പളം ഇല്ലാതെ സമരം ചെയ്തയാളാണു ഞാന്‍. പക്ഷേ, ഇക്കുറി എന്റെ പരമാവധി ഞാനും എന്റെ കുട്ടികളും വീട്ടുകാരും ചേര്‍ന്നു ചെയ്തു. സാലറി ചാലഞ്ചിന് ആദ്യത്തെ ‘നോ’ ആകട്ടെ എന്റേത്. കഴിവില്ല.

അതു തന്നെ ഉത്തരം. ഞാനും എന്റെ ഭാര്യയും സര്‍ക്കാര്‍ ജീവനക്കാരാണ്. രണ്ടു പേര്‍ക്കും സാലറി ചാലഞ്ച് ഏറ്റെടുക്കണമെന്നുണ്ട്. പക്ഷേ, ചില പരാധീനതകള്‍ അതിനു വിലങ്ങിടുന്നു. അതു കൊണ്ടു ഭാര്യ ചാലഞ്ച് ഏറ്റെടുത്തു. പകരം ഞാന്‍ ‘നോ’ പറഞ്ഞു. സംഭവം ഇതായിരിക്കെ ഞാന്‍ ഇതിന് എതിരാണെന്ന മട്ടില്‍ പറഞ്ഞു നടന്നു. അതു വേണ്ട. കാരണം ഇതു ജനങ്ങളുടെ ഒപ്പമുള്ള ജനകീയ സര്‍ക്കാര്‍. എന്നും അതിനൊപ്പം മാത്രം.”