മോദി സര്‍ക്കാരിനെ വെട്ടിലാക്കി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി

single-img
13 September 2018

വിജയ് മല്യ രാജ്യം വിട്ടതാണോ അതോ വിദേശത്തേക്ക് കടക്കാന്‍ അനുവദിച്ചതാണോ എന്ന സംശയം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യസഭാ എംപിയായിരിക്കെ 2016 മാര്‍ച്ച് രണ്ടിനാണ് മല്യ ഡല്‍ഹി വിമാനത്താവളം വഴി വിദേശത്തേക്ക് കടന്നത്. ബാങ്കുകള്‍ നല്‍കിയ കേസില്‍ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ എങ്ങനെ മല്യക്ക് വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞൂ എന്ന സംശയമാണ് ഉന്നയിക്കുന്നത്.

‘മല്യ നാടുവിട്ട സംഭവവുമായി ബന്ധപ്പെട്ട് നിഷേധിക്കാനാവാത്ത രണ്ടു വസ്തുതകള്‍ നമ്മുടെ മുമ്പില്‍ ഇപ്പോഴുണ്ട്. 1. 2015 ഒക്ടോബര്‍ 24ന് ലുക്ക് ഔട്ട് നോട്ടീസില്‍ വെള്ളം ചേര്‍ത്തുവെന്നത്. മല്യയെ ‘തടയണം’ എന്ന വാക്ക് മാറ്റി ‘റിപ്പോര്‍ട്ട് ചെയ്യണം’ എന്നാക്കുക വഴി മല്ല്യയ്ക്ക് ചെക്കു ചെയ്ത 54 ലഗേജുകളുമായി നാടുവിടാന്‍ കഴിഞ്ഞു.

2. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ധനമന്ത്രിയെ കണ്ട് മല്യ താന്‍ ലണ്ടനിലേക്ക് പോകുകയാണെന്ന് പറഞ്ഞു.’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. മല്യ നാടുവിടുന്നത് തടയണമെന്ന തരത്തില്‍ സി.ബി.ഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസില്‍ വെള്ളം ചേര്‍ത്തുവെന്ന ആരോപണം നേരത്തെയും സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ചിരുന്നു. 2016 ജൂണിലായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ഈ ആരോപണം ഉന്നയിച്ചത്.

വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ടതിന് ഒത്താശ ചെയ്തുവെന്ന പ്രതിപക്ഷ ആരോപണം കത്തിനില്‍ക്കെ ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും വെട്ടിലാക്കി വിജയ് മല്യയുടെ പുതിയ വെളിപ്പെടുത്തല്‍ വന്നത് ബുധനാഴ്ചയാണ്.

രാജ്യം വിടും മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെ കണ്ട് സംസാരിച്ചിരുന്നുവെന്നാണ് ലണ്ടനില്‍ മല്യ വെളിപ്പെടുത്തിയത്. എന്നാല്‍ ഒറ്റവരി സംഭാഷണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്നും ജെയ്റ്റ്‌ലി ആണയിടുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വാമി രണ്ട് ട്വീറ്റുകളിലായി വിവാദം കത്തിച്ചത്.