സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി: മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി

single-img
12 September 2018

സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഓര്‍ഡിനന്‍സ് റദ്ദാക്കിയത്.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളിലെ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി മറികടക്കാനായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. എന്നാല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും അധികാരത്തില്‍ കൈകടത്തുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി.

കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളില്‍ 2016-17ല്‍ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം ലഭിച്ച 180 വിദ്യാര്‍ഥികള്‍ക്കനുകൂലമായാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. നേരത്തെ, വിദ്യാര്‍ഥികളെ അയോഗ്യരാക്കാനുള്ള പ്രവേശന മേല്‍നോട്ട സമിതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചിരുന്നു.

അതിനുശേഷമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. പിന്നീട് ഇതിന്മേല്‍ നിയമസഭ നിയമവും പാസാക്കി. അതേസമയം, ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കിയതുമായി ബന്ധപ്പെട്ട് കേസ് പരിഗണനയിലെത്തിയപ്പോഴെല്ലാം സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന കോടതി, ഒരുതവണത്തേക്ക് മാത്രമെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്നും പലവട്ടം ആവര്‍ത്തിച്ചുന്നു. കഴിഞ്ഞ ദിവസം കേസു പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ കോടതി രൂക്ഷവിമര്‍ശനമാണുന്നയിച്ചത്.

സര്‍ക്കാരുകള്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ കോടതികളുടെ ആവശ്യമില്ലെന്നും സര്‍ക്കാരിന്റെയും കോടതികളുടെയും അധികാരങ്ങള്‍ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ടെന്നും ജഡ്ജിമാരായ അരുണ്‍ മിശ്ര, എസ്. അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞിരുന്നു.