ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

single-img
12 September 2018

സത്യന്‍ അന്തിക്കാടിന്റെ സിനിമാ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണ നടന്‍ കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക 68) മരിച്ചു. കൊച്ചിയില്‍ ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കുഴുഞ്ഞുവീണതിനെ തുടര്‍ന്ന് കുഞ്ഞുമഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

സിനിമാ രംഗത്തെ പ്രമുഖര്‍ ആശുപത്രിയിലെത്തിയിരുന്നു. ഏതാനും വര്‍ഷമായി എറിയാട്ടായിരുന്നു താമസം. കമലിന്റെ മിക്കവാറും സിനിമകളില്‍ കുഞ്ഞുമുഹമ്മദിനു ചെറിയൊരു റോളുണ്ട്. വളരെ ചെറുപ്പംമുതല്‍ കലയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇദ്ദേഹം നിരവധി നാടകങ്ങളില്‍ ഹാസ്യകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.

തുടര്‍ന്ന് സിനിമാ പ്രേമംകൊണ്ട് മദിരാശിയിലെത്തുകയും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ സഹായിയായിക്കൂടുകയും ചെയ്തു. പ്രസിദ്ധ സംവിധായകനും മതിലകത്തുകാരനുമായ കമലുമായുള്ള അടുത്തബന്ധം കുഞ്ഞുമുഹമ്മദിനെ അറിയപ്പെടുന്ന ഒരു സിനിമാനടനാക്കി.