ഭാര്യയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷരീഫിന് പരോള്‍: നവാസ് ഷെരീഫ് ഭാര്യയോട് യാത്ര ചോദിക്കുന്ന വീഡിയോ വൈറല്‍

single-img
12 September 2018

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനും മകള്‍ മറിയത്തിനും സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. ഭാര്യ കുല്‍സും നവാസിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍ അനുവദിച്ചത്. പാക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ചൊവ്വാഴ്ചയാണ് കുല്‍സൂം അന്തരിച്ചത്. കഴിഞ്ഞ കുറച്ചു നാളായി ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്‌ളിനിക്കില്‍ തൊണ്ടയിലെ കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു കുല്‍സും. മൃതദേഹം ലാഹോറില്‍ കബറടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. നവാസിന്റെ രാജിയെത്തുടര്‍ന്ന് 2017ല്‍ എംപിയായി മത്സരിച്ചു ജയിച്ചെങ്കിലും ലണ്ടനില്‍ ചികിത്സയിലായതിനാല്‍ കുല്‍സുമിനു സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല

അതിനിടെ ലണ്ടനില്‍ നിന്നും ജയില്‍ ശിക്ഷ അനുഭവിക്കാന്‍ പാകിസ്താനിലേക്ക് തിരിക്കുന്നതിന് തൊട്ടു മുമ്പ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഭാര്യ കുല്‍സൂമിനോട് നവാസ് ഷെരീഫ് സംസാരിക്കുന്ന വീഡിയോ വൈറലായി. അര്‍ബുദം ബാധിച്ച് അതിഗുരുതരാവസ്ഥയില്‍ ഭാര്യ കഴിയുമ്പോഴാണ് നവാസിന് പാകിസ്താനിലേക്ക് തിരിച്ചു പോരേണ്ടി വന്നത്.

ദൈവം നിനക്ക് ശക്തി തരട്ടെ, കണ്ണു തുറക്കൂ കുല്‍സൂം…ഉര്‍ദുവില്‍ അദ്ദേഹം സംസാരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ വെച്ച് ജൂലൈ 12 ന് ചിത്രീകരിച്ച വീഡിയോ ആണ് അവരുടെ മരണത്തിന് തൊട്ടു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയത്. അവര്‍ ഏതാനും സെക്കന്റുകള്‍ കണ്ണു തുറന്ന് തന്നെ നോക്കിയെന്ന് നവാസ് പിന്നീട് പറഞ്ഞിരുന്നു. ആ അവസ്ഥയില്‍ ദൈവത്തെ ഏല്‍പ്പിച്ച് തനിക്ക് മടങ്ങേണ്ടി വന്നതില്‍ നവാസ് പിന്നീട് ദുഖം പ്രകടിപ്പിച്ചു.