പാപ്പരാണെന്ന് തെളിയിച്ചാല്‍ യാത്രാബത്ത നല്‍കാം: പി.സി.ജോര്‍ജിന് രേഖാ ശര്‍മയുടെ മറുപടി

single-img
11 September 2018

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ നടപടി വൈകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. കന്യാസ്ത്രീകള്‍ നടത്തിവരുന്ന ധര്‍ണയിലോ, പരാതിയുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് നടത്തിയ പ്രസ്താവനയിലോ പോലും യാതൊരു നടപടിയുമില്ലെന്നും രേഖാ ശര്‍മ കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തില്‍ തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങളെയും ഇതുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്ന മുറയ്ക്ക് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും രേഖ ശര്‍മ പറഞ്ഞു.

പി.സി. ജോര്‍ജ് എംഎല്‍എയ്ക്കു ഡല്‍ഹിക്കു വരാന്‍ പണമില്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ നല്‍കും. യാത്രാച്ചെലവിനായി പണമില്ലെന്ന് എഴുതി നല്‍കിയാല്‍ യാത്രാ ബത്ത നല്‍കാം. ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോര്‍ജില്‍നിന്നു കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖ ശര്‍മ പറഞ്ഞു. പി.കെ. ശശി വിഷയത്തില്‍ പെണ്‍കുട്ടി സമീപിച്ചാല്‍ നിയമ സഹായം അടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണമെന്നും അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി.സി. ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. കന്യാസ്ത്രീകളെ അപമാനിച്ച പി.സി. ജോര്‍ജ് എംഎല്‍എയോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മിഷന്‍ സമന്‍സ് അയച്ചിരുന്നു.