‘എന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം അന്യായമായി പിടിച്ച് വച്ചിരിക്കുകയാണ്’ വീഡിയോയിലൂടെ പ്രതികരിച്ച് മെഹുല്‍ ചോക്‌സി

single-img
11 September 2018

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മെഹുല്‍ ചോക്‌സി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം നുണയും അടിസ്ഥാനരഹിതവുമാണെന്ന് മെഹുല്‍ ചോക്‌സി പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ആരോപണങ്ങളുന്നയിച്ചത്. നിയമവിരുദ്ധമായി യാതൊരു അടിസ്ഥാനവുമില്ലാതെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ചോക്‌സി പറഞ്ഞു. ഇതുകൂടാതെ തന്റെ പാസ്‌പോര്‍ട്ട് പിന്‍വലിച്ചതെന്തിനെന്ന് അറിയില്ലെന്നും ചോക്‌സി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് ഓഫീസില്‍ അന്വേഷിച്ചെങ്കിലും അവര്‍ മറുപടി തന്നിട്ടില്ല. എങ്ങനെയാണ് താന്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതെന്ന് മുംബൈ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് വ്യക്തമാക്കിയിട്ടില്ലെന്നും ചോക്‌സി പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ചോക്‌സി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആന്റിഗ്വയിലുള്ള ചോക്‌സിയുടെ അഭിഭാഷകനാണ് ചോക്‌സിയോട് ചോദ്യങ്ങള്‍ കൈമാറിയതെന്ന് എ.എന്‍.ഐ വ്യക്തമാക്കിയിട്ടുണ്ട്.

പതിനാലായിരം കോടി രൂപയുടെ പിഎന്‍ബി തട്ടിപ്പ് കേസില്‍ വജ്രവ്യാപാരി നീരവ് മോദിക്കൊപ്പം പ്രതിയായ മെഹുല്‍ ചോക്‌സി ഇന്ത്യവിട്ടശേഷം കരീബിയന്‍ ദ്വീപുരാജ്യമായ ആന്റ്വിഗയിലെ പൗരത്വമെടുത്ത് അവിടെ ഒളിവില്‍ കഴിയുകയാണ്. നീരവ് മോദിയുടെ അമ്മാവനാണ് ചോക്‌സി

ബിസിനസ് നന്നാക്കാനാണ് ആന്റ്വിഗ പൗരത്വം എടുത്തതെന്നും ഈ പ്രതിസന്ധിയില്‍ അവര്‍ തുണയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായും ചോക്‌സി നേരത്തേ പറഞ്ഞിരുന്നു. ജനുവരി ആദ്യവാരമാണ് ഇയാള്‍ ആന്റിഗ്വയിലേക്കു കടന്നത്.
ചോക്‌സിയെ വിട്ടുകിട്ടുന്നതിനായി സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.