രാജ്യത്തെ സൈനികരുടെ എണ്ണം വെട്ടിക്കുറച്ച് 7000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍

single-img
11 September 2018

നവീകരണത്തിന്റെ ഭാഗമായി സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ കരസേന തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയാണ് സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന് കരസേന തത്വത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.

ഇതിന് കേന്ദ്രം പച്ചക്കൊടി കാട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയുള്ള കാലം സൈനികരുടെ എണ്ണത്തെക്കാള്‍ സാങ്കേതിക മികവിനാണ് പ്രാമുഖ്യമെന്നാണ് കരസേന വിലയിരുത്തുന്നത്. കരസേനയില്‍ 12 ലക്ഷത്തോളം പേരാണ് നിലവില്‍ സേവനം അനുഷ്ഠിക്കുന്നത്.

ഇവരില്‍ ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷംപേരെ അഞ്ചുവര്‍ഷംകൊണ്ട് കുറയ്ക്കുന്നതിനാണ് നീക്കം. സൈനികരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതിലൂടെ ലാഭിക്കുന്ന 7000 കോടി രൂപ മുടക്കി ആയുധങ്ങള്‍ വാങ്ങാനാണ് പുതിയ തീരുമാനം.

സൈന്യത്തിന്റെ ആധുനീകരണത്തിന് ലഭിക്കുന്ന തുക പര്യാപ്തമല്ലെന്ന് സൈന്യം നേരത്തേ പരാതിപ്പെട്ടിരുന്നു. നിലവില്‍ പ്രതിരോധ ബജറ്റായി നീക്കിവെച്ചിട്ടുള്ള 1.28 ലക്ഷം കോടി രൂപയില്‍ 83 ശതമാനവും ശമ്പളവും നിത്യചിലവിനുമായാണ് വേണ്ടിവരുന്നത്.

സൈനികരുടെ പെന്‍ഷന്‍ തുക ഉള്‍പ്പെടാതയാണ് ഈ കണക്ക്. ബജറ്റിന്റെ 17 ശതമാനം അതായത് ഏകദേശം 26,826 കോടി രൂപയാണ് മൂലധനചിലവായി ലഭിക്കുന്നത്. ഇത് അപര്യാപ്തമാണ് എന്ന് കണ്ടാണ് പുതിയ നീക്കം. സൈനികരുടെ എണ്ണം കുറയ്ക്കുന്നത് ഇപ്പോഴുള്ളവരെ പിരിച്ചുവിട്ടായിരിക്കില്ല.

വര്‍ഷംതോറും ഏതാണ്ട് 60,000 പേര്‍ സൈന്യത്തില്‍നിന്ന് വിരമിക്കുന്നുണ്ട്. പുതുതായി നിയമിക്കുന്നവരുടെ എണ്ണം കുറച്ചാണ് സൈന്യത്തിന്റെ വലുപ്പം കുറയ്ക്കുക. വിവിധവിഭാഗങ്ങള്‍ സംയോജിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരം കാര്യങ്ങള്‍ പഠിക്കാന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നിര്‍ദേശം നല്‍കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാര്‍ഗില്‍ യുദ്ധത്തിനുമുമ്പ് 1998ലാണ് ഏറ്റവും ഒടുവില്‍ സൈനികബലം വെട്ടിക്കുറച്ചത്. അന്നത്തെ കരസേനാ മേധാവിയായിരുന്ന ജനറല്‍ വി.പി. മാലിക് 50,000 സൈനികരെയായിരുന്നു കുറച്ചത്. നവീകരണം കരസേനാ ആസ്ഥാനത്തുനിന്നുതന്നെ തുടങ്ങാനാണ് റാവത്തിന്റെ തീരുമാനം.